‘ഞാനെന്തോ പറഞ്ഞു, മറ്റൊരാള്‍ അത് വേറേതോ തരത്തില്‍ വ്യാഖ്യാനിച്ചു’ മറുപടിയുമായി അഹാന കൃഷ്ണകുമാര്‍, മണിക്കൂറുകള്‍ക്കകം മറുപടി കുറിപ്പും പിന്‍വലിച്ചു

തന്റെ നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ മറുപടിയുമായി നടി അഹാന കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. അതേസമയം, മറുപടി കുറിപ്പ് മണിക്കൂറുകള്‍ക്കം പിന്‍വലിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണും സ്വര്‍ണവേട്ടയെയും ബന്ധപ്പെടുത്തി അഹാന കഴിഞ്ഞ ദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചത്.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തീവ്രതയെ നിസാരവല്‍ക്കരിക്കുകയും സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് അഹാനയുടെ പോസ്റ്റ് എന്ന് പറഞ്ഞായിരുന്നു താരത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം അരങ്ങേറിയത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ;

”വാര്‍ത്ത കാണാന്‍ ആവശ്യപ്പെടുന്നവരോടും രാജ്യത്തെ, സംസ്ഥാനത്തെ,നഗരത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ച് ഞാന്‍ ബോധവതിയല്ലെന്നും പറയുന്നവരോടും, വസ്തുത അറിയാന്‍ ശ്രമിക്കുക. ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും. പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ. ആരുടെയോ ഭാവനയുടെ ഫലമാണിത്. ഞാനെന്തോ പറഞ്ഞു. മറ്റൊരാള്‍ അത് വേറേതോ തരത്തില്‍ വ്യാഖ്യാനിച്ചു. വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കുക. മറ്റുള്ളവയോട് എനിക്കൊന്നും പറയാനില്ല, എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ കോവിഡ് വ്യാധിയോട് നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം ഏറ്റെടുക്കാന്‍ എനിക്കാകില്ല.”

Exit mobile version