‘ഇപ്പോള്‍ തോന്നുന്നു വേണ്ടിയിരുന്നില്ലെന്ന്’ ചെയ്ത അഞ്ച് ചിത്രങ്ങളില്‍ കടുത്ത കുറ്റബോധം അനുഭവപ്പെടുന്നുവെന്ന് ഹരി

പോലീസ് സേനയെ പ്രകീര്‍ത്തിച്ച് ചെയ്ത അഞ്ച് ചിത്രങ്ങളില്‍ ഇന്ന് കടുത്ത കുറ്റബോധം തോന്നുന്നുവെന്ന പ്രതികരണവുമായി തമിഴ് സംവിധായകന്‍ ഹരി രംഗത്ത്. തൂത്തുക്കുടിയില്‍ ജയരാജ്, ഫെനിക്‌സ് എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റ് മരണപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകന്റെ പ്രതികരണം.

തമിഴിലെ സൂപ്പര്‍ഹിറ്റ് പോലീസ് ചിത്രങ്ങളായ സിങ്കം സീരീസ് (3). സാമി, സാമി 2 എന്നീ ചിത്രങ്ങളാണ് ഹരി ഒരുക്കിയത്. സിങ്കവും സാമിയും നടന്മാരായ സൂര്യയുടെയും വിക്രമിന്റെയും കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രങ്ങളില്‍ ഒന്നും ആയിരുന്നു. ”ഇത്തരത്തിലുള്ള സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഇനി സംഭവിക്കരുത്. പോലീസുകാരില്‍ ചിലര്‍ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. പോലീസിനെ മഹത്വവത്കരിച്ച് അഞ്ച് ചിത്രങ്ങള്‍ ഒരുക്കിയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. ഹരി പറയുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 22 നാണ് തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത പി ജയരാജും മകന്‍ ബെന്നിക്സും ജൂണ്‍ 23നാണ് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ മരിച്ചത്.

Exit mobile version