‘ഇത് പരാജയം സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി സുസ്മിത സെന്നിന്റെ ‘ആര്യ’യുടെ ട്രെയിലര്‍

ബോളിവുഡ് താരസുന്ദരി സുസ്മിത സെന്‍ നായികയായി എത്തിയ ‘ആര്യ’ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പെനോസ എന്ന ഡച്ച് സീരിസിനെ ആസ്പദമാക്കിയുള്ള വെബ് സീരിസാണ് ആര്യ. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘നീരജ’ സംവിധാനം ചെയ്ത രാം മദ്വാനിയാണ് ആര്യയും സംവിധാനം ചെയ്തിരിക്കുന്നത്. സുസ്മിത സെന്നിന്റെ ആദ്യ വെബ് സീരിസാണിത്.

‘ഇത് പരാജയം സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്’ എന്നാണ് ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് സുസ്മിത സെന്‍ യൂട്യൂബില്‍ കുറിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയജീവിതത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ‘ആര്യ’.

മയക്കുമരുന്ന് റാക്കറ്റില്‍പ്പെട്ട് ഭര്‍ത്താവ് വെടിയേറ്റ് മരിച്ചു കഴിയുമ്പോള്‍ അവരുടെ ജീവിതം കീഴ്മേല്‍ മറിയുകയാണ്. പിന്നീട് ഭര്‍ത്താവ് ബാക്കിവെച്ച് പോയതില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി കൈയില്‍ തോക്കേന്തുന്ന നായികയെയാണ് ട്രെയിലര്‍ കാണിക്കുന്നത്. ജൂണ്‍ 19 മുതല്‍ ‘ആര്യ’ ഡിസ്നി ഹോട്ട്സ്റ്റാറില്‍ ലഭിക്കുമെന്നാണ് ട്രെയിലറില്‍ പറയുന്നത്. സികന്ദര്‍ ഖേര്‍, മനീഷ് ചൗധരി, നമിത് ദാസ് എന്നിവരാണ് ഇതിലെ മറ്റ് താരങ്ങള്‍.

Exit mobile version