ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താലി’ ന്റെ വ്യാജ പതിപ്പ് ഒടിടി റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഓണ്‍ലൈനില്‍ ചോര്‍ന്നു

ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പൊന്‍മകള്‍ വന്താലി’ ന്റെ വ്യാജ പതിപ്പ് ഒടിടി റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഓണ്‍ലൈനില്‍ ചോര്‍ന്നു. തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് വന്നത്. അതും ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് ഇത്തവണ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ എത്തിയത് എന്നതാണ് ആശങ്കയേറ്റുന്നത്.

അര്‍ധരാത്രി 12 മണിയോടെയാണ് ചിത്രം ആമസോണ്‍ പ്രൈംമില്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഇത് കുറച്ച് സമയം വൈകിപ്പിച്ചിരുന്നു. പുലര്‍ച്ചയോടെ ചിത്രം റിലീസ് ചെയ്യാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍ അര്‍ധരാത്രിയോടെ തന്നെ തമിഴ്‌റോക്കേഴ്‌സിന്റെ സൈറ്റില്‍ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് വന്നു.

നേരത്തേ ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതിനെതിരെ തീയ്യേറ്ററുടമകള്‍ രംഗത്ത് വന്നിരുന്നു. ജ്യോതികയുടെ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്താല്‍ സൂര്യയുടെ ‘സൂരരൈ പോട്ര്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് തീയ്യേറ്ററുകള്‍ നല്‍കില്ലെന്നായിരുന്നു ഉടമകളുടെ ഭീഷണി. പിന്നീട് സമവായ ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തീയ്യേറ്ററുകള്‍ അടച്ചിട്ട പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളാണ് ഓണ്‍ലൈന്‍ റിലീസിന് തയ്യാറായി നില്‍ക്കുമ്പോള്‍ വ്യാജന്റെ ഭീഷണി എങ്ങനെ നേരിടുമെന്നതാണ് കണ്ടറിയേണ്ടത്. മലയാളത്തില്‍ ജയസൂര്യയുടെ ‘സൂഫിയും സുജാതയു’മാണ് ഓണ്‍ലൈന്‍ റിലീസിന് തയ്യാറായി നില്‍ക്കുന്ന ചിത്രം.

Exit mobile version