പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങ്; നടന്‍ ഗോകുലന്‍ വിവാഹിതനായി, വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് താരം, പ്രചോദമേറ്റി വാക്കുകള്‍

പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തില്‍ ലളിതമായി ഒരു ചടങ്ങ് മാത്രം. ലോക്ക് ഡൗണില്‍ ലളിതമായി വിവാഹം നടത്തിയിരിക്കുകയാണ് നടന്‍ ഗോകുലന്‍. ലോക്ക് ഡൗണില്‍ ആയതുകൊണ്ട് മാത്രമല്ല, വിവാഹം ലളിതമാക്കിയേ നടത്തൂ എന്നേ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് താരം പറയുന്നു. തന്റെ ജീവിതം അത്തരത്തിലായിരുന്നുവെന്നും ഗോകുലന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ സംബന്ധിച്ചിടത്തോളം വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് ഗോകുലന്‍ പറയുന്നു. വിവാഹം ആര്‍ഭാടമാക്കുന്നവര്‍ക്കുള്ള മറുപടിയും ലളതമായി ആഘോഷിക്കുന്നവര്‍ക്കുള്ള പ്രചോദനവും കൂടിയാണ് താരത്തിന്റെ വാക്കുകള്‍. പെരുമ്പാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു.

ഗോകുലന്റെ വാക്കുകള്‍ ഇങ്ങനെ;

ധന്യയാണ് വധു, പെരുമ്പാവൂര്‍ അയ്മുറി സ്വദേശിയാണ്. വീട്ടുകാര്‍ വഴി വന്ന ആലോചനയാണ്. ചെന്നു കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. ലോക്ഡൗണ്‍ ആയതിനാല്‍ എന്‍ഗേജ്‌മെന്റ് ആയിട്ടൊന്നും നടത്തിയില്ല. നേരെ വിവാഹത്തിലേക്ക്. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഉണ്ടാകണം.

വിവാഹമുണ്ടെങ്കില്‍ അത് ലളിതമായി നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. സിനിമാക്കാരന്‍ ആകുന്നതിനു മുന്‍പേയുള്ള ആഗ്രഹമായിരുന്നു അത്. എന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു. ഇതൊന്നും ഇത്ര വലിയ ആഘോഷിക്കപ്പെടേണ്ട ചടങ്ങാണെന്നു തോന്നിയിട്ടില്ല. എന്റെ അഭിപ്രായത്തില്‍ വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടത്.

സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു. കുറെ പേര്‍ എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്ക് പ്രിയപ്പെട്ട മമ്മൂക്ക, ജയസൂര്യ ചേട്ടന്‍, മണികണ്ഠന്‍, സുധി കോപ്പ, ലുക്ക്മാന്‍ എന്നിങ്ങനെ നിരവധി പേര്‍ വിളിച്ചിരുന്നു. ലോക്ഡൗണിനു ശേഷം ഞങ്ങളെ ഒരുമിച്ച് മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും സന്തോഷം അറിയിച്ചു. ഒരുപാടു പേര്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചതായിരുന്നു എന്റെ വിവാഹം. കുറെ കാലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കല്ല്യാണമല്ലേ.

Exit mobile version