ഞാനും ഒരു നഴ്‌സായിരുന്നു, തുറന്ന് പറയുന്നതില്‍ അഭിമാനം; പഴയ കാല ചിത്രം പങ്കുവെച്ച് നടി ശീലു അബ്രഹാം

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകളുമായി നടി ശീലു അബ്രഹാം. താനും ഒരു നഴ്‌സ് ആയിരുന്നു എന്ന് വെളിപ്പെടുത്തി കൊണ്ടാണ് താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ശീലു പങ്കുവെച്ചത്. ഞാനും ഒരു നഴ്‌സായിരുന്നു, തുറന്ന് പറയുന്നതില്‍ അഭിമാനം എന്നാണ് ശീലു ഫേസ്ബുക്കില്‍ കുറിച്ചത്. പഴയ കാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് 19 പടര്‍ന്ന സാഹചര്യത്തില്‍ നമ്മുടെയെല്ലാം ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി സ്വന്തം കുടുംബത്തെയും മക്കളെയുമൊക്കെ വിട്ടകന്ന് ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് രാപ്പകലില്ലാതെ അധ്വാനിക്കുന്ന ദൈവത്തിന്റെ മാലാഖമാരുടെ ആരോഗ്യത്തിനായി ആത്മാര്‍ത്ഥമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് എന്റെ ബിഗ് സല്യൂട്ട്- ശീലു പറഞ്ഞു.

പഠനത്തിന് ശേഷം ശീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്‌സിങ് ജോലി വിട്ടത്. വ്യവസായിയും നിര്‍മ്മാതാവുമായ അബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭര്‍ത്താവ്.

2013 ല്‍ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ശീലു അഭിനയരംഗത്ത് എത്തിയത്. മംഗ്ലാഷ്, ഷി ടാക്‌സ്, കനല്‍, സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളില്‍ ശീലു വേഷമിട്ടു. ജയറാം നായകനായ പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ നായികയായും ശീലു അഭിനയിച്ചിട്ടുണ്ട്.

Exit mobile version