ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി കീര്‍ത്തി സുരേഷിന്റെ ‘പെന്‍ഗ്വിന്‍’; ചിത്രം റിലീസ് ചെയ്യുന്നത് ആമസോണ്‍ പ്രൈമില്‍

തമിഴില്‍ മറ്റൊരു ചിത്രം കൂടി ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ‘പെന്‍ഗ്വിന്‍’ ആണ് ആമസോണ്‍ പ്രൈമില്‍ നേരിട്ടു റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നത്. ത്രില്ലര്‍ ചിത്രമാണിത്. അതേസമയം ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

തമിഴിനൊപ്പം പെന്‍ഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണില്‍ ആമസോണ്‍ പ്രൈമിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഫി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദംപട്ടി രംഗരാജ്, ലിംഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി.

ജ്യോതിക നായികയായി എത്തുന്ന ‘പൊന്മകള്‍ വന്താല്‍’ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തമിഴ്‌നാട്ടിലെ തീയേറ്റര്‍ ഉടമകള്‍ രംഗത്ത് എത്തിയിരുന്നു. ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്താല്‍ ചിത്രം നിര്‍മ്മിച്ച സൂര്യയുടെ ഒരു ചിത്രത്തിനും തീയേറ്റര്‍ നല്‍കില്ലെന്നായിരുന്നു ഭീഷണി. അതേസമയം ലോക്ക് ഡൗണ്‍ കാരണം പല ചിത്രങ്ങളും ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. രാഘവ ലോറന്‍സ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ലക്ഷ്മി ബോംബ് അടക്കമുള്ള ചില ബോളിവുഡ് ചിത്രങ്ങളും ഓണ്‍ലൈന്‍ റിലീസിന് ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു.

Exit mobile version