മീ ടൂ; വിവാദ സംവിധായകന്‍ സാജിദ് ഖാനെതിരെ വെളിപ്പെടുത്തലുമായി ബിപാഷ ബസു

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ഇതേ സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ബിപാഷയുടെ വെളിപ്പെടുത്തല്‍

മീ ടൂ വിവാദത്തില്‍ ആരോപണം നേരിടുന്ന സംവിധായകന്‍ സാജിദ് ഖാനെതിരെ ബോളിവുഡ് നടി ബിപാഷ ബസുവും രംഗത്തെത്തി. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ഇതേ സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ബിപാഷയുടെ വെളിപ്പെടുത്തല്‍. ഹംഷകല്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാജിദ് ഖാന്‍ മോശമായി പെരുമാറിയതെന്നും ബിപാഷ വ്യക്തമാക്കി.

ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് മാത്രമല്ല മറ്റ് നടിമാര്‍ക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് അപമാനകരമായ അന്തരീക്ഷമാണ് സാജിദ് ചിത്രങ്ങളില്‍ ഉണ്ടാകാറുള്ളതെന്നും ബിപാഷ പറഞ്ഞു. വഷളത്തവും അശ്ലീലവും നിറഞ്ഞ തമാശകളാണ് സാജിദ് നടത്താറുള്ളത്. സാജിദ് ഖാന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ നിന്നും 2014 ല്‍ പിന്‍മാറിയിരുന്നതായും ബിപാഷ വ്യക്തമാക്കി. ലൈംഗിക അതിക്രമം തനിക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതിക്രമങ്ങളെക്കുറിച്ച് മീടൂ ക്യാംപെയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്നുപറയുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ബിപാഷ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മുതിരുന്ന പ്രവണതയ്ക്ക് അവസാനമുണ്ടാക്കാന്‍ കഴിയട്ടെയെന്നും അവര്‍ പ്രത്യാശിച്ചു.

അതേസമയം സംവിധായകന്‍ സാജിദ് ഖാനെതിരായ മീ ടൂ ആരോപണങ്ങളെ തുടര്‍ന്ന് ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം അക്ഷയ്കുമാര്‍ നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രി ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴാണ് അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളൊക്കെ വായിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്ന വിവരം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഹൗസ്ഫുള്‍ 4 സംവിധായകന്‍ സാജിദ് ഖാനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മൂന്ന് യുവതികളാണ് ഇന്നലെ രംഗത്തെത്തിയത്. നടി റേച്ചല്‍ വൈറ്റ്, സഹസംവിധായിക സലോണി ചോപ്ര, മാധ്യമപ്രവര്‍ത്തക കരിഷ്മ ഉപാധ്യായ് എന്നിവരാണ് മാധ്യമങ്ങളോട് തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാതെ തന്നെ സാജിദിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഹംഷക്കല്‍സ്, ഹിമ്മത്വാല, ഹേയ് ബേബി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സാജിദ് ഖാന്‍ നൃത്ത സംവിധായികയും സംവിധായികയുമായ ഫറാ ഖാന്റെ സഹോദരനുമാണ്.

Exit mobile version