നെറ്റിയിലും വസ്ത്രങ്ങളിലും ചോരയുമായി സെയ്ഫ് അലി ഖാന്‍; പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെ വാസ്തവം വെളിപ്പെടുത്തി താരം

പുതിയ ചിത്രത്തിനായുള്ള മെയ്ക്കപ്പ് ആണിതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

പാപ്പരാസികള്‍ക്ക് പാടിനടക്കാന്‍ ചെറിയ ഒരു കാര്യം കിട്ടിയാല്‍ മതിയാകും. ഇപ്പോള്‍ അവര്‍ക്ക് ഇരയായി മാറിയിരിക്കുകയാണ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്‍. നെറ്റിയിലും വസ്ത്രങ്ങളിലും രക്തകറ പുരുണ്ട താരത്തിനെ കണ്ടതോടെ അപകടം സംഭവിച്ചു എന്ന നിലയിലാണ് വാര്‍ത്തകള്‍ പരന്നത്. താരം കാറില്‍ ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

എന്നാല്‍, പുതിയ ചിത്രത്തിനായുള്ള മെയ്ക്കപ്പ് ആണിതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പുതിയ ചിത്രമായ താനാജി: ദി അന്‍സങ് വാരിയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞുള്ള സെയ്ഫിന്റെ ചിത്രങ്ങളാണ് പാപ്പരാസികള്‍ പകര്‍ത്തിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചരിത്ര സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. ബാഹുബലി കണ്ടിറങ്ങിയ ഫീല്‍ ആയിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് സെയ്ഫ് മുന്‍പൊരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

‘അജയിനെ ഞാന്‍ ബഹുമാനിക്കുന്നു. അതുപോലെ അജയ് ജീവിതത്തെ നോക്കിക്കാണുന്ന രീതിയും ഞാന്‍ ഇഷ്ടപെടുന്നു. ഇത്തരമൊരു വലിയ ചരിത്ര സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അജയ് സിനിമയെ സ്നേഹിക്കുന്നു. നല്ലൊരു നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ദേശഭക്തിയും ധീരതയും ഉയര്‍ത്തിക്കാണിക്കുന്ന ഇത്തരമൊരു ചിത്രമാണ് ഇന്നുണ്ടാകേണ്ടത്. കുട്ടികള്‍ ഇത് ഇഷ്ടപെടും, അതുപോലെ മറ്റുള്ളവരും’ -സെയ്ഫ് പറയുന്നു.

Exit mobile version