അന്താരാഷ്ട്ര അംഗീകാരത്തിളക്കവുമായി ഷാനുസമദിന്റെ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

കൊച്ചി:അന്താരാഷ്ട്ര അംഗീകാരത്തിളക്കവുമായി ഷാനുസമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. തിയേറ്ററില്‍ കാര്യമായ ചലനമില്ലാതെപോയ ഈ ചിത്രത്തില്‍ ഇന്ദ്രന്‍സാണ് മുഖ്യകഥാപാത്രമായത്. 7ാ മത് റുവാണ്ട (ആഫ്രിക്ക) അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ഏറ്റവും നല്ല സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയാണ് ഈ ചിത്രം മലയാളത്തിന്റെ അഭിമാനമായത്.

മാര്‍ച്ച് 7 നു റുവാണ്ട കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന റെഡ് കാര്‍പെറ്റില്‍ റുവാണ്ട മിനിസ്റ്ററാണ് സംവിധായകന്‍ ഷാനു സമദിനു പുരസ്‌കാരം നല്‍കിയത്. നേരത്തെ ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സ്റ്റോറി ഓഫ് ഫീചര്‍ ഫിലിം അവാര്‍ഡും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള നേടിയിരുന്നു, കൂടാതെ ജെസി ഡാനിയല്‍ പുരസ്‌ക്കാരം, കുഞ്ഞബ്ദുള്ള ആയി വേഷമിട്ട ഇന്ദ്രന്‍സിന് ഏറ്റവും നല്ല നടനുള്ള ദേശിയ കലാ സംസ്‌കൃതി പുരസ്‌ക്കാവും ലഭിച്ചിരുന്നു.

തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയായ ഷാനുസമദ് രചനയും സംവിധാനവും നിര്‍വഹിച്ചു. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള പേര് സൂചിക്കുംപോലെ പ്രണയിനിയെ തേടിയുള്ള കാമുകന്റെ യാത്രയാണ്. ഒരു പ്രണയനായകനായി ഇതാദ്യമായാണ് ഇന്ദ്രന്‍സ് അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രന്‍സ്)65-ാം വയസ്സില്‍ ഓത്തുപ്പള്ളിക്കാലത്തെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.

കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. ഇതിനിടയില്‍ കഥകളും ഉപകഥകളുമായി സമകാലീന യാഥാര്‍ത്ഥ്യങ്ങളെ സിനിമ വരച്ചുകാട്ടുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ സജീവമാണ് ഷാനുസമദ്.
ദീര്‍ഘകാലം പല പ്രശസ്ത സംവിധായകരുടെയും അസിസ്റ്റന്റായി നിന്നതിന്റെ കരുത്തും പരസ്യരംഗത്തെ പരിചയവുമാണ് ഷാനുസമദിന്റെ കൈമുതല്‍.

‘പകലന്തി ഞാന്‍ കിനാവ് കണ്ടു പച്ചപ്പനങ്കിളിയേ’ എന്ന് തുടങ്ങുന്ന ഷഹബാസ് അമന്‍ പാടിയ ഇതിലെ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് അബൂബക്കര്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. ബാപ്പു വെളിപ്പറമ്പിലിന്റേതാണ് രചന. പുതുതലമുറയിലെ സംഗീത സംവിധായകന്‍ സാജന്‍ കെ റാമാണ് ഈ ഗാനം മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് വേണ്ടി ഒരുക്കിയത്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകളടക്കം ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയ പഴയ തലമുറയുടെ സംഗീതപ്രതിഭ കോഴിക്കോട് അബൂബക്കര്‍ ആദ്യമായി സിനിമയില്‍ സംഗീതം ഒരുക്കുന്നത് ഈ സിനിമയിലെ പാട്ടിലൂടെയാണ്.

ചിത്രത്തിലെ മറ്റ് രണ്ട് പാട്ടുകള്‍ക്ക് സംഗീതം കൊടുത്തിട്ടുള്ളത് പ്രമുഖ സംഗീത സംവിധായകന്‍ ഫിഷാം അബ്ദുള്‍ വഹാബ് ആണ്. കൂടാതെ സഫര്‍നാമ എന്ന മനോഹരമായ ഹിന്ദിഗാനം പൂര്‍ണ്ണമായും ചിത്രീകരിച്ചത് മുംബൈയിലാണ് എന്നതും മറ്റൊരു പുതുമയാണ്. ഇന്ദ്രന്‍സിന് പുറമെ ബാലുവര്‍ഗീസ്, രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, വിജി കെ വസന്ത് സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന പൊന്നാനിയിലെ അക്ബര്‍ ട്രാവല്‍സ് ഉടമ നാസറിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ഈ സിനിമ നിര്‍മ്മിച്ചത്.

Exit mobile version