സമൂഹമാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷയായി പാര്‍വതി !

കഴിഞ്ഞ ഓഗസ്റ്റില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു

നടി പാര്‍വതിയുടെ സമൂഹമാധ്യമങ്ങളിലുളള ഔദ്യോഗിക അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ ഇവയില്‍ മൂന്നെണ്ണത്തിലും പാര്‍വതിയുടെ അക്കൗണ്ടുകള്‍ ഇല്ല. കഴിഞ്ഞ ഓഗസ്റ്റില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു.

‘ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം(നേരിട്ടുള്ള സന്ദേശം) വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക്ക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും’ എന്ന് അന്ന് പാര്‍വതി കുറിച്ചിരുന്നു.

പ്രളയമുണ്ടായപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പാര്‍വതി സജീവമായിരുന്നു. ഇപ്പോള്‍ അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് നടിയുടെ ഭാഗത്ത് നിന്നും വിശദീകരണം വന്നിട്ടില്ലെങ്കിലും പാര്‍വതി അന്നു പറഞ്ഞ ബ്രേക്ക് ആയിരിക്കും ഇപ്പോള്‍ എടുത്തതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

2006 ല്‍ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തില്‍ സഹതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പാര്‍വതി ഇപ്പോള്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ‘ഉയരെ’യുടെ ചിത്രീകരണത്തിരക്കിലാണ്.

Exit mobile version