കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ പേരന്‍പ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

മമ്മൂട്ടി ആരാധകരില്‍ മാത്രമല്ല, മലയാളികളായ സിനിമാപ്രേമികളിലൊക്കെ ഇത്രയും കാത്തിരിപ്പുയര്‍ത്തിയ ഒരു ചിത്രം അടുത്തകാലത്ത് സംഭവിച്ചിട്ടില്ല

പനാജി: കാത്തിരിപ്പിന് വിരാമം. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രം നാളെ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു. ഐനോക്സ് സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.30നാണ് ചിത്രത്തിന്റെ പ്രദര്‍ശനം. മമ്മൂട്ടി ആരാധകരില്‍ മാത്രമല്ല, മലയാളികളായ സിനിമാപ്രേമികളിലൊക്കെ ഇത്രയും കാത്തിരിപ്പുയര്‍ത്തിയ ഒരു ചിത്രം അടുത്തകാലത്ത് സംഭവിച്ചിട്ടില്ല.

സിനിമകളുടെ പകുതി ദിവസങ്ങളിലെ ഷെഡ്യൂള്‍ മാത്രമാണ് ഗോവന്‍ മേളയില്‍ ഡെലിഗേറ്റുകള്‍ക്ക് പാസിനൊപ്പം ലഭ്യമാവുക. അതിനാല്‍ത്തന്നെ പേരന്‍പ് എപ്പോഴായിരിക്കും പ്രദര്‍ശിപ്പിക്കുമെന്ന അന്വേഷണം മലയാളികളുടെ സൗഹൃദക്കൂട്ടങ്ങളിലെല്ലാം ഉണ്ടായിരുന്നു.

കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ കഴിഞ്ഞ ചിത്രത്തിന് ഷാങ്ഹായ് ഉള്‍പ്പെടെ മറ്റ് മേളകളിലും പ്രദര്‍ശനമുണ്ടായിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ ആയിരുന്നു ഷാങ്ഹായിലേത്. പ്രദര്‍ശനം നടന്ന ഫെസ്റ്റിവലുകളിലെല്ലാം മികച്ച അഭിപ്രായവും ചിത്രം നേടി.

അമുദന്‍ എന്ന ടാക്സി ഡ്രൈവറാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. സമുദ്രക്കനി, അഞ്ജലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

Exit mobile version