‘ജെഎന്‍യുവില്‍ ഇപ്പോള്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് മാത്രം, എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്’; കങ്കണ റണാവത്ത്

കോളേജ് ജീവിതത്തില്‍ സംഘര്‍ഷം വളരെ സാധാരണമാണ്

മുംബൈ: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ജെഎന്‍യുവില്‍ ഇപ്പോള്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് മാത്രമാണെന്നും എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നുമാണ് താരം പറഞ്ഞത്. തന്റെ പുതിയ ചിത്രമായ ‘പംഗ’യുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കവേയാണ് താരം ഇത്തരത്തില്‍ പറഞ്ഞത്.

‘ജെഎന്‍യുവില്‍ നടന്ന അക്രമ സംഭവത്തെ കുറിച്ച് പോലീസ് ഇപ്പോള്‍ അന്വേഷിക്കുകയാണ്. എബിവിപി ഒരു വശത്തും ജെഎന്‍യു എതിര്‍വശത്തുമാണ്. കോളേജ് ജീവിതത്തില്‍ സംഘര്‍ഷം വളരെ സാധാരണമാണ്. എന്റെ കോളേജ് കാലഘട്ടത്തില്‍, ആള്‍ക്കൂട്ടം ബോയിസ് ഹോസ്റ്റലില്‍ പട്ടാപ്പകലും ആരെയും ഓടിച്ചിട്ട് കൊല്ലാമെന്ന അവസ്ഥയായിരുന്നു.

ഒരിക്കല്‍ ഒരു യുവാവിനെ ആള്‍ക്കൂട്ടം തല്ലിയോടിച്ചു കയറ്റിയത് ഞങ്ങളുടെ ഹോസ്റ്റലിലേക്ക് ആയിരുന്നു. ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഇടപെട്ടാണ് ആ യുവാവിനെ മരണത്തില്‍ നിന്നും അന്ന് രക്ഷിച്ചത്. ഇത്തരത്തില്‍ കോളേജുകളില്‍ ഉള്ള പരസ്പര തര്‍ക്കങ്ങളും അക്രമങ്ങളും ദേശീയ പ്രശ്നമായി ഉയര്‍ത്തേണ്ടതില്ല. തര്‍ക്കം അതിരുവിട്ടാല്‍ പോലീസ് ഇടപെടുകയും അവരെ അടിച്ചോടിക്കുകയും ചെയ്യണം’ എന്നാണ് കങ്കണ പരിപാടിയില്‍ പറഞ്ഞത്.

Exit mobile version