മാസ്മരിക പ്രകടനവുമായി സൂര്യ, ഒപ്പം അപര്‍ണയും; ‘സൂരറൈ പോട്ര്’ ടീസര്‍ പുറത്തിറങ്ങി

ഏറ്റവും പുതിയ ചിത്രം ‘സൂരറൈ പോട്രി’ ല്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി സൂര്യ. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

സൂര്യയുടെ മാസ്മരിക അഭിനയ മുഹൂര്‍ത്തങ്ങളാണ് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രം സൂര്യയുടെ കരിയറിലെ നാഴിക കല്ല് ആയെക്കാം എന്ന പ്രതീക്ഷ ടീസര്‍ നല്‍കുന്നുണ്ട്.

സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് ഇത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മലയാളി താരം അപര്‍ണ ബാലമുരളിയാണ്. അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രമാണിത്.

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. എം മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കട് എന്നിവരാണ് മറ്റ് അഭിനേതാക്കള്.

സംവിധായികയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം ജി വി പ്രകാശ് കുമാര്‍. ഛായാഗ്രഹണം നികേത് ബൊമ്മി. എഡിറ്റിംഗ് സതീഷ് സൂര്യ. 2 ഡി എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ സൂര്യയും സിഖ്യ എന്റര്‍ടെയ്‌ന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version