മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’; ആദ്യമായി മൂന്ന് ഐശ്വര്യമാര്‍ ഒന്നിച്ചെത്തുന്നു

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വില്‍’ നായികമാരായി എത്തുന്നത് മൂന്ന് ഐശ്വര്യമാരാണ്. ഐശ്വര്യ റായി, ഐശ്വര്യ രാജേഷ്, മലയാളി താരം ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ആ താരങ്ങള്‍. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘രാവണ്‍’ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

മണിരത്‌നം സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ചെക്ക ചിവന്ത വാനം’. ഈ ചിത്രത്തില്‍ ഐശ്വര്യാ രാജേഷ് ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. അതേസമയം മലയാളി താരമായ ഐശ്വര്യ ലക്ഷ്മി ആദ്യമായാണ് മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

‘ആദ്യ ചിത്രത്തിന്റെ ഓഡിഷന് പോകുമ്പോള്‍ ഉണ്ടായ അതേ ടെന്‍ഷനായിരുന്നു എനിക്ക് ഈ ചിത്രത്തിന്റെ ഓഡീഷനായി പോവുമ്പോള്‍. പൊതുവേ ഏത് ചിത്രത്തിന്റെയും തുടക്കത്തില്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടാകാറുണ്ട്. പക്ഷേ മണിരത്‌നം സാറിന്റെ ചിത്രത്തിന്റെ ഓഡിഷന് പോകുമ്പോള്‍ അനുഭവിച്ച ടെന്‍ഷന്‍ എനിക്ക് വിവരിക്കാന്‍ പോലും കഴിയില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നിച്ചായിരുന്നു. സെലക്ഷന്‍ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോള്‍ ആ കുട്ടി വളരെ മോശമാണെന്ന് അദ്ദേഹം പറയുന്നതൊക്കെ ഞാന്‍ സങ്കല്‍പ്പിച്ചു വച്ചു. എന്നാല്‍ ഭാഗ്യത്തിന് ആദ്യ ഓഡിഷനില്‍ തന്നെ സാര്‍ ഓക്കെ പറഞ്ഞു’ എന്നാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ചിത്രത്തില്‍ ‘പൂങ്കുഴലി’ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. ‘മണിമേഖലൈ’ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്നത്. അതേസമയം ഐശ്വര്യ റായി ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെയും മകളുടെയും വേഷത്തിലാണ് താരം എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അരുള്‍മൊഴിവര്‍മ്മന്‍ അഥവാ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥയാണ് ചിത്രം പറയുന്നത്. ലൈക്ക പ്രൊഡക്ഷനും, മണിരത്നത്തിന്റെ ബാനറായ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പതിവുപോലെ എആര്‍ റഹ്മാന്‍ തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗാനങ്ങള്‍ എഴുതുന്നത് വൈരമുത്തുവാണ്.

Exit mobile version