ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി വൈകീട്ട് 4.30ന് കൂടിക്കാഴ്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

തൊഴില്‍ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ശുപാര്‍ശയുണ്ടാകും. ജസ്റ്റിസ് ഹേമക്കു പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

രാജ്യത്തു തന്നെ ആദ്യമായാണ് സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുന്നത്. കൊച്ചിയില്‍ നടിക്ക് എതിരെ ആക്രമണം ഉണ്ടായ ശേഷം ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ വെച്ചത്.

മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രധാന ആവശ്യമായിരുന്നു ഇത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷനെ നിയോഗിച്ചത്.

Exit mobile version