നിനക്ക് വേഷവുമില്ല ഒന്നുമില്ല, ഇറങ്ങിപ്പോടാ എന്ന് ആ നിര്‍മ്മാതാവ് അലറി, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതേ സ്റ്റുഡിയോയില്‍ ഫിയറ്റ് കാറില്‍ വന്നിറങ്ങി; മധുരപ്രതികാരത്തിന്റെ കഥപറഞ്ഞ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്

കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ സ്‌റ്റൈല്‍ മന്നനായി മാറിയ താരമാണ് രജനീകാന്ത്. ആദ്യ കാലങ്ങളില്‍ തനിക്ക് ഒട്ടേറെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഈ അടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു. സ്റ്റൈല്‍ മന്നന്റെ മധുര പ്രതികാരത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘പതിനാറ് വയതിനിലെ എന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടന്ന സമയായിരുന്നു അത്. അതിന് മുമ്പും ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ സിനിമയായിരുന്നു എന്നെ ജനങ്ങളിലേക്ക് എത്തിച്ചത്. ആ സമയത്താണ് ഒരു നിര്‍മ്മാതാവ് എന്റെ അടുത്ത് വന്ന് ഒരു സിനിമയുണ്ട്, ഹീറോ ആരാണെന്ന് പറയുന്നില്ല, നല്ല വേഷമാണ് നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞത്. എനിക്ക് ഡേറ്റ് ഉള്ളതിനാല്‍ ഞാന്‍ അഭിനയിക്കാം എന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് ഞാന്‍ ആയിരം രൂപ അഡ്വാന്‍സ് ചോദിച്ചു. അതാണ് രീതി. എന്നാല്‍ തന്റെ കൈയില്‍ ഇപ്പോള്‍ കാശില്ലെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഷൂട്ടിന് വരുമ്പോള്‍ തരാമെന്നാണ് പറഞ്ഞത്.

ഒടുവില്‍ ഞാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി. അവിടെ ചെന്നപ്പോള്‍ ചിത്രത്തിലെ ഹീറോയൊക്കെ വന്നിട്ടുണ്ടായിരുന്നു. അപ്പോഴാണ് മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് വന്ന് മേയ്ക്ക് അപ്പ് വേഗം ഇടാമെന്ന് പറഞ്ഞത്. എന്നാല്‍ എനിക്ക് തരാമെന്ന് പറഞ്ഞ ആയിരം രൂപ കിട്ടിയില്ലെന്നും അത് കിട്ടിയാല്‍ താന്‍ മേയ്ക്ക് അപ്പ് ഇടാമെന്നും പറഞ്ഞു. പത്തരയായപ്പോള്‍ ഒരു വെള്ള അംബാസിഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും നിര്‍മ്മാതാവ് ഇറങ്ങി. ഇറങ്ങിയ പാടെ, എന്താടാ നീയെന്താ വലിയ ഹീറോയാണെന്നാണോ വിചാരം, നാലഞ്ച് പടമല്ലേ ആയുളളൂ, പണം നല്‍കിയില്ലെങ്കില്‍ മേയ്ക്ക് അപ്പ് ഇടില്ലേയെന്ന് ചോദിച്ചു. നിനക്ക് വേഷവുമില്ല ഒന്നുമില്ല. പോടാ എന്ന് പറഞ്ഞ് അയാള്‍ എന്നെ അവിടുന്ന് ഇറക്കി വിട്ടു.

പിന്നീട് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ എവിഎം ചെട്ടിയാര്‍ ഉപയോഗിച്ച ഫിയറ്റ് കാര്‍ നാലര ലക്ഷം കൊടുത്ത് ഞാന്‍ വാങ്ങി. ഫോറിന്‍ കാറാണെങ്കില്‍ ഡ്രൈവറും ഫോറിന്‍ ആയിരിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെ റോബിന്‍സണ്‍ എന്നൊരു ആംഗ്ലോ ഇന്ത്യാക്കാരനെ ഞാന്‍ ഡ്രൈവറാക്കി. പാന്റും ബെല്‍റ്റും തൊപ്പിയുമൊക്കെയായി ഫുള്‍ യൂണിഫോം അയാള്‍ക്ക് നല്‍കാന്‍ ഞാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ റോബിന്‍സണ്‍ വന്നപ്പോള്‍ കാറില്‍ കയറിയിരുന്ന് ഞാന്‍ അവനോട് വിടെടാ വണ്ടി എവിഎമ്മിലേക്ക് എന്ന് പറഞ്ഞു.

അന്ന് എന്നോട് അലറി പറഞ്ഞ ആ നിര്‍മ്മാതാവ് വണ്ടി നിര്‍ത്തിയ അതേ സ്ഥലത്ത് ഞാന്‍ കാര്‍ നിര്‍ത്തി ഇറങ്ങി. വണ്ടിയില്‍ ചാരി നിന്ന് 555ന്റെ സിഗരറ്റ് വലിച്ചു. വണ്ടിയും തൊപ്പി വച്ച ഡ്രൈവറെയുമെല്ലാം കണ്ടപ്പോള്‍ അവിടെയുള്ളവര്‍ കരുതിയത് ഗവര്‍ണര്‍ ആയിരിക്കും വന്നത് എന്നാണ്. എന്നാല്‍ ഇതൊക്കെ എന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്റെ കഴിവുകൊണ്ടോ മിടുക്ക് കൊണ്ടോയല്ല, എല്ലാം നേരം ശരിയായത് കൊണ്ട് സംഭവിച്ചതാണ്’ എന്നാണ് സ്റ്റൈല്‍ മന്നന്‍ പറഞ്ഞത്.

Exit mobile version