പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് ഐശ്വര്യ ലക്ഷ്മിയും, അമല്‍ നീരദും

പൗരത്വ നിയമത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് സിനിമാ മേഘലയില്‍ നിന്നും ഉയരുന്നത്. ഇപ്പോള്‍ മലയാള നടി ഐശ്വര്യ ലക്ഷ്മിയും സംവിധായകന്‍ അമല്‍ നീരദും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ശക്തമായി പ്രതികരിച്ചത്.

എഴുത്തുകാരിയും സാമൂഹ്യനിരീക്ഷകയുമായ അരുന്ധതി റോയ് ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമര്‍പ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പ്രസ്ഥാവന പങ്കുവെച്ച് കൊണ്ടാണ് ഐശ്വര്യ തന്റെ പ്രതികരണം അറിയിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുക്കുമേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്. ഇപ്പോള്‍ എന്‍ആര്‍സിയിലൂടെ നമ്മുടെ ഭരണഘടന തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി അനുസരണയോടെ വരി നില്‍ക്കാന്‍ പോവുകയോണോ? സ്വാതന്ത്രത്തിന് ശേഷമുള്ള ശക്തമായ ഭീഷണിയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ദയവായി എഴുന്നേറ്റ് നില്‍ക്കൂ’ എന്ന് ആഹ്വാനം ചെയ്യുന്ന അരുന്ധതിയുടെ പോസ്റ്റാണ് ഐശ്വര്യ പങ്കുവെച്ചത്.

‘നോ എന്‍ആര്‍സി’ ‘നോ സിഎഎ’ എന്ന ഹാഷ് ടാഗോടെ അമല്‍ നീരദും പ്രതിഷേധം രേഖപ്പെടുത്തി. ‘നമ്മുടെ ആര്‍ജ്ജവത്തിന് ആരും വിലകല്‍പ്പിച്ചെന്ന് വരില്ല. പക്ഷേ നമുക്ക് ആകെയുള്ള സമ്പാദ്യവും അതാണ്. അത് വളരെ ചുരുങ്ങിയ ഒരിടമാണെങ്കിലും അതിനുള്ളില്‍ നാം സ്വതന്ത്രരാണ്. -‘നമ്മുടെ യുദ്ധം’ നയിക്കുന്ന വിദ്യാര്‍ഥികളോട്’ എന്നാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.

Exit mobile version