71 കോടിയും കടന്ന് ‘റൗഡി ബേബി’; പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി ‘മാരി 2’വിലെ ഗാനം

2019 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന റെക്കോഡാണ് 'റൗഡി ബേബി' സ്വന്തമാക്കിയിരിക്കുന്നത്

ധനുഷ്-സായ്പല്ലവി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മാരി 2’. ചിത്രത്തിലെ ‘റൗഡി ബേബി’ എന്ന ഗാനം പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച ഒരു ഗാനമാണ്. നിരവധി റെക്കോര്‍ഡുകള്‍ ഗാനം ഇതിനോടകം നേടി കഴിഞ്ഞു. വെറും ഒന്നര മാസം കൊണ്ടാണ് ഏറ്റവും കുടുതല്‍ ആളുകള്‍ യൂട്യുബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനമെന്ന റെക്കോഡ് ‘റൗഡി ബേബി’ സ്വന്തമാക്കിയത്.

ഇപ്പോഴിതാ ‘റൗഡി ബേബി’യ്ക്ക് 71 കോടിയിലേറെ കാഴ്ചക്കാരായിരിക്കുകയാണ്. ഒപ്പം ഒരു വമ്പന്‍ റെക്കോഡും ഗാനം സ്വന്തമാക്കിയിട്ടുണ്ട്. 2019 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന റെക്കോഡാണ് ‘റൗഡി ബേബി’ സ്വന്തമാക്കിയിരിക്കുന്നത്.

ധനുഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. അമ്പരപ്പിക്കുന്ന ഈ നേട്ടത്തിനും സ്നേഹത്തിനും ധനുഷ് പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. യുവന്‍ശങ്കര്‍ രാജ സംഗീതം ഒരുക്കിയ ഗാനത്തിന് പ്രഭുദേവയാണ് കൊറിയോഗ്രാഫി ചെയ്തത്. ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മിച്ചത്.

Exit mobile version