‘ചുമ്മാ കിഴി’; 24 മണിക്കൂറിനുള്ളില്‍ 57 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ദര്‍ബാറി’ലെ ഗാനം

നീണ്ട ഇടവേളയ്ക്ക് രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്

എആര്‍ മുരുകദോസ് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. ‘ചുമ്മാ കിഴി’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. അനിരുദ്ധ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ്പി ബാലസുബ്രമണ്യമാണ്.

റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 57 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ‘ദര്‍ബാറി’ലെ ഗാനം. പുറത്തിറങ്ങിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയില്‍ ചില ചിത്രീകരണ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. കുസേലന്‍, ശിവജി, ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒരുമിച്ചത്.

സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസ് ആയാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക.

Exit mobile version