‘ദര്‍ബാറി’ന്റെ ഡബ്ബിംഗ് ആരംഭിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി സ്‌റ്റൈല്‍ മന്നന്റെ ചിത്രങ്ങള്‍

ലൈക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെ ആണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. ചിത്രത്തിന്റെ പുറത്തുവിട്ട ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്ന സ്‌റ്റൈല്‍ മന്നന്റെ ചിത്രങ്ങളാണ്. ലൈക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെ ആണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ രജനികാന്തിന്റെ പഞ്ച് ഡയലോഗുകള്‍ കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ആദിത്യ അരുണാസലം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് ഒരു ചിത്രത്തില്‍ പോലീസ് വേഷത്തില്‍ എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പോലീസ് വേഷത്തില്‍ എത്തിയത്.

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. നിവേദ തോമസ് ആണ് ചിത്രത്തില്‍ മകളുടെ വേഷം ചെയ്യുന്നത്. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിരുത്തൈ ശിവ-അജിത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വിശ്വാസം’ പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള ഒരു സിനിമയായിരിക്കും ദര്‍ബാര്‍ എന്നാണ് സൂചന. അടുത്തമാസം 7ന് ആയിരിക്കും ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുക.

Exit mobile version