‘മകള്‍ അലിസയുടെ ആ പ്രബന്ധം എന്നെ കണ്ണീരിലാഴ്ത്തി’; സുസ്മിത സെന്‍

ദത്തെടുക്കല്‍ എന്ന വിഷയത്തെ കുറിച്ചാണ് അലിസ പ്രബന്ധം തയ്യാറാക്കിയത്

ഇരുപത്തി നാലാം വയസില്‍ പെണ്‍കുട്ടിയെ ദത്തെടുത്ത് ഏവരെയും ഞെട്ടിച്ച ബോളിവുഡ് താരമാണ് സുസ്മിത സെന്‍. റെനീ എന്ന പെണ്‍കുട്ടിയെ ആണ് അന്ന് താരം ദത്ത് എടുത്തത്. പിന്നീട് 2010 ല്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി താരം ദത്തെടുത്തിരുന്നു. അലിസ എന്നാണ് ആ കുട്ടിയുടെ പേര്. ആരാധകര്‍ക്കായി തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ താരം തന്റെ മകള്‍ അലിസ എഴുതിയ ഒരു പ്രബന്ധമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മകളുടെ ഈ പ്രബന്ധം തന്നെ കണ്ണീരണിയിച്ചുവെന്നാണ് താരം കുറിച്ചത്.

ദത്തെടുക്കല്‍ എന്ന വിഷയത്തെ കുറിച്ചാണ് അലിസ പ്രബന്ധം തയ്യാറാക്കിയത്. ‘അനാഥാലയത്തില്‍ നിന്നും ഒരു കുട്ടിയെ ദത്തെടുക്കണമെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം വരിക മാത്രമല്ല ചെയ്യുന്നത്, ഒരു കുട്ടിക്ക് ജീവിക്കാനുള്ള അവകാശം കൂടിയാണ് ലഭിക്കുന്നത്. അനാഥരായ കുട്ടികള്‍ക്ക് സ്‌നേഹം ലഭിക്കാറില്ല. ദത്തെടുക്കുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് സ്‌നേഹം നല്‍കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് തീര്‍ച്ചയായും സ്‌നേഹം ലഭിക്കണം.

പ്രശസ്തിക്ക് വേണ്ടി അല്ലാതെ മനസ്സു നിറഞ്ഞ സ്‌നേഹം കൊണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത രണ്ടു പേരുണ്ട്. രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്ത സുസ്മിത സെന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത സണ്ണിലിയോണും. തീര്‍ച്ചയായും അവര്‍ ഇരുവരും ലോകത്തിന് മികച്ച മാതൃകകളാണ്. അവരെ നിങ്ങള്‍ പിന്തുണയ്ക്കണം. മനസ്സു നിറഞ്ഞ സ്‌നേഹം കൊണ്ടുമാത്രം കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രചോദനമാകട്ടെ’ എന്നാണ് അലിസ പ്രബന്ധത്തില്‍ കുറിച്ചത്. ഈ വീഡിയോ ആണ് സുസ്മിത ആരാധകര്‍ക്കായി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

Exit mobile version