മരിച്ച ജോസ് തോമസ് ഞാനല്ല, ഞാന്‍ ജീവനോടെയുണ്ട്; ഫോണ്‍ വിളിയില്‍ ഗതികെട്ട് ലൈവില്‍ വന്ന് സംവിധായകന്‍ ജോസ് തോമസ്, വീഡിയോ

ഈ വാര്‍ത്ത കണ്ട് ഭയപ്പെട്ട് വിളിക്കാതിരുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ലൈവില്‍ വന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്ന് രാവിലെ നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് അന്തരിച്ചതിനു പിന്നാലെ പണി കിട്ടിയിരിക്കുന്നത് സംവിധായകന്‍ ജോസ് തോമസിനാണ്. മരണ വാര്‍ത്ത എത്തിയതോടെ പലരും വിളിക്കുന്നത് സംവിധായകന്‍ ജോസ് തോമസിനെയും കുടുംബത്തിനെയുമാണ്.

ഇതിനു പിന്നാലെ ജോസ് തോമസ് എന്ന പേരില്‍ പ്രചരിക്കുന്ന മരണവാര്‍ത്തയിലെ വ്യക്തി താനല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയായിരുന്നു അദ്ദേഹം. കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തിലാണ് മാധ്യമപ്രവര്‍ത്തകനും നാടക, ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (58) മരിച്ചത്. എന്നാല്‍ അന്തരിച്ചയാള്‍ സംവിധായകന്‍ ജോസ് തോമസാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. തുടര്‍ന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ ലൈവിലെത്തി വിശദീകരണം നല്‍കിയത്.

മരണവാര്‍ത്ത ടിവിയില്‍ കണ്ടതോടെയാണ് പലരും ഇത് സംവിധായകന്‍ ജോസ് തോമസ് ആണെന്ന് തെറ്റിദ്ധരിച്ച് തന്റെ കുടുംബത്തെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത കണ്ട് ഭയപ്പെട്ട് വിളിക്കാതിരുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ലൈവില്‍ വന്നതെന്നും അദ്ദേഹം പറയുന്നു.

ജോസ് തോമസിന്റെ വാക്കുകള്‍;

ഇന്ന് രാവിലെ ടെലിവിഷന്‍ ചാനലുകളില്‍ ജോസ് തോമസ് എന്നൊരാള്‍ വാഹനാപകടത്തില്‍ മരിച്ചതായി കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങള്‍ പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്.

Exit mobile version