ലാല്‍ ജോസ് ചിത്രം ‘നാല്‍പത്തിയൊന്നി’ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം ‘നാല്‍പത്തിയൊന്നി’ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നവംബര്‍ എട്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. ‘തട്ടുംപുറത്ത് അച്യുതന്’ ശേഷം ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണിത്. ലാല്‍ജോസ് ചിത്രത്തില്‍ ബിജുമേനോന്‍ നായകനാവുന്ന ചിത്രം കൂടിയാണിത്.

നവാഗതനായ പിജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ. ലാല്‍ ജോസിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമായ നാല്‍പത്തിയൊന്നില്‍ നിമിഷ സജയന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കണ്ണൂരിലെ സാമൂഹ്യ ജീവിതം പശ്ചാത്തലമാകുന്ന സിനിമ ശബരിമലയുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് സൂചന. ശക്തമായ ഇടത് മനോഭാവമുള്ള രണ്ട് ആളുകള്‍ ശബരിമല തീര്‍ത്ഥാടനത്തിനു പോകുന്നതിനോട് അനുബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതാണ് സിനിമയുടെ ഇതിവൃത്തം

എസ് കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ബിജിബാല്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘുരാമ വര്‍മ്മ. പി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Exit mobile version