തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കി മഞ്ജു വാര്യര്‍; ‘അസുരന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു

മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ അസുരന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രം കന്മദത്തിലെ ഭാനുവിനെ ഓര്‍മ്മിപ്പിക്കും വിധമാണ് ഉള്ളത്. ധനുഷിന്റെയും മഞ്ജുവിന്റെയും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ ഉളളത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് മഞ്ജു തന്നെയാണ്.

ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ഇരുവരും ഒന്നിച്ചപ്പോള്‍ എല്ലാം തന്നെ ഹിറ്റ് ചിത്രങ്ങളാണ് പിറന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ധനുഷിനും മഞ്ജുവിനും പുറമെ പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെട്രിമാരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. തമിഴിലെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളിലെത്തും.

Exit mobile version