അത്യവശ്യത്തിന് വിളിക്കുന്ന സമയങ്ങളില്‍ അനുഷ്‌ക ഫോണ്‍ എടുക്കാറില്ല പ്രഭാസ് പറയുന്നു

തെന്നിന്ത്യന്‍ താരങ്ങളായ അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ടു നാളുകളേറെയായി. ചിത്രം ബാഹുബലിക്ക് പിന്നാലെയായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഗോസിപ്പുകള്‍ ഇവരെ വിടാതെ പിന്തുടര്‍ന്നിരുന്നു.

അനുഷ്‌ക ഷെട്ടിയും, പ്രഭാസും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ പ്രഭാസിന് അനുഷ്‌കയെക്കുറിച്ചുള്ള ഒരു പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍ അത്യവശ്യത്തിന് വിളിക്കുന്ന സമയങ്ങളില്‍ അനുഷ്‌ക ഫോണ്‍ കോള്‍ എടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. സാഹോയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്കു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതെക്കുറിച്ച് പറഞ്ഞത്. അനുഷ്‌ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്. എന്നാല്‍ ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കില്ല- പ്രഭാസ് പറഞ്ഞു.

ഡാര്‍ലിങ്, മിസ്റ്റര്‍ പെര്‍ഫക്ട് തുടങ്ങിയ ചിത്രങ്ങളില്‍ തനിക്കൊപ്പം വേഷമിട്ട കാജള്‍ അഗള്‍വാളുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. എന്നാല്‍ കാജളിന് ഡ്രസ് സെന്‍സ് കുറവാണെന്നാണ് പ്രഭാസിന്റെ കണ്ടെത്തല്‍.

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രം ഓഗസ്റ്റ് 15ന് റിലീസിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് തിയതി നീട്ടി ഓഗസ്റ്റ് 30ലേക്ക് മാറ്റുകയായിരുന്നു.

സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് നീട്ടിയതെന്നാണ് അറിയാന്‍ സാധിക്കുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധാ കപൂറാണ് നായിക.

മലയാള നടന്‍ ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. യുവി ക്രിയേഷന്റെ ബാനറില്‍ വസിം പ്രമോദാണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version