അവാര്‍ഡ് വേദിയില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ദുരന്തം രണ്ടു ലക്ഷത്തിലേറെ പേരെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ നാളെ എന്നൊരു സങ്കല്‍പം പോലുമില്ലാതെ റിലീഫ് ക്യാമ്പില്‍ സമയം ചെലവഴിക്കുകയാണെന്നും നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നുമാണ് താരം നിറഞ്ഞ സദസില്‍ പറഞ്ഞത്

രണ്ടാമതും പ്രളയം ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും കരകയറാനുള്ള തത്രപ്പാടിലാണ് കേരളക്കര. കൈ മെയ്യ് മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് എങ്ങും. നിരവധി താരങ്ങള്‍ പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഒരു അവാര്‍ഡ് വേദിയില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

നേരത്തേ പ്രളയം വിഴുങ്ങിയ വയനാട്ടിലേക്ക് ഒരു ലോഡ് ആവശ്യവസ്തുക്കള്‍ നല്‍കുകയും തന്റെ ആഢംബര വാഹനത്തിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ച് ആ തുക കൂടി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ താരം കൂടിയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ സൈമാ ഫിലിം അവാര്‍ഡ് വേദിയില്‍ കേരളത്തിനായി താരം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ദുരന്തം രണ്ടു ലക്ഷത്തിലേറെ പേരെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ നാളെ എന്നൊരു സങ്കല്‍പം പോലുമില്ലാതെ റിലീഫ് ക്യാമ്പില്‍ സമയം ചെലവഴിക്കുകയാണെന്നും നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നുമാണ് താരം നിറഞ്ഞ സദസില്‍ പറഞ്ഞത്. മലയാള സിനിമ കൈകോര്‍ത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അതുകൊണ്ടൊന്നുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തന്റെയോ, മോഹന്‍ലാലിന്റെയോ, ടൊവീനോയുടെയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കയറി കണ്ടെത്താവുന്നതാണെന്നും പൃഥ്വിരാജ് വേദിയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ താരത്തിന്റെ ഈ പ്രവൃത്തിയെ വാനോളമാണ് പുകഴ്ത്തിയിരിക്കുന്നത്.

Exit mobile version