ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥ, ഭീതിക്കിടെ ലഭിച്ച ആശ്വാസ വാക്കായിരുന്നു പുരസ്‌കാരം; സാവിത്രി ശ്രീധരന്‍ പറയുന്നു

പുരസ്‌കാരം പ്രഖ്യാപനം മറന്നിരിക്കുകയായിരുന്നു സാവിത്രി.

ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി സാവിത്രി ശ്രീധരന്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സാവിത്രിയെ തേടി പുരസ്‌കാരം എത്തിയത്. എന്നാല്‍ സന്തോഷത്തിലുപരി സാവിത്രിയെ അലട്ടിയിരുന്നത് ഭയമായിരുന്നു. സംസ്ഥാനം വീണ്ടും പ്രളയക്കെടുതിയില്‍ ആയതാണ് താരത്തെയും അലട്ടിയിരുന്നത്.

കനത്ത മഴയില്‍ വീടിനുള്ളില്‍ വെള്ളം കയറുമോ എന്ന ഭയമാണ് താരത്തെ അലട്ടിയിരുന്നത്. വെസ്റ്റ് മാങ്കാവിലെ വയലക്കര വീടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലായിരുന്നുവെന്ന് സാവിത്രി പറയുന്നു. ഇതിനിടയ്ക്കാണ് ദേശീയപുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം പ്രഖ്യാപനം മറന്നിരിക്കുകയായിരുന്നു സാവിത്രി. കനത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ടിവിയും കാണാന്‍ പറ്റിയില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് അവാര്‍ഡ് ലഭിച്ച കാര്യം പറഞ്ഞത് അയല്‍വാസിയാണെന്നും സാവിത്രി വ്യക്തമാക്കി. ആദ്യം വിശ്വസസിക്കാനായില്ല, ശേഷം അഭിനന്ദന സന്ദേശങ്ങളും ഫോണ്‍ വിളികളും എത്തിയതോടെ പുരസ്‌കാരം ലഭിച്ച കാര്യം സത്യമാണെന്ന് മനസിലായെന്ന് സാവിത്രി വ്യക്തമാക്കി.

പ്രളയത്തിന്റെ ഇടയ്ക്ക് ലഭിച്ച ഒരു ആശ്വാസവാക്കാണ് പുരസ്‌കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടായെന്നും സാവിത്രി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്ന് താരം വ്യക്തമാക്കി. മകന്‍ സുനീഷിനൊപ്പമാണ് താമസം.

Exit mobile version