ട്രെയിലറില്‍ രജനീകാന്തിനെ പരിഹസിച്ചു; ജയം രവി ചിത്രം ‘കോമാളി’ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത് ആരാധകര്‍

ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോമളി’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പതിനാറ് വര്‍ഷം കോമയിലായിരുന്ന ശേഷം സാധാരണജീവിതത്തിലേക്ക് വരുന്ന ആളുടെ കഥയാണ് ചിത്രത്തില്‍ വരുന്നത്. എന്നാല്‍ റലീസിന് മുന്നേ വിവാദത്തില്‍ പെട്ടിരിക്കുകയാണ് ചിത്രമിപ്പോള്‍. രജനീകാന്തിനെ പരിഹസിച്ചുവെന്ന് ആരോപിച്ച് ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ആരാധകര്‍. ട്രെയിലറില്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള രംഗമാണ് ആരാധകരുടെ രോഷത്തിന് കാരണമാക്കിയത്.

പതിനാറ് വര്‍ഷം കോമയിലായിരുന്ന ശേഷം സാധാരണജീവിതത്തിലേക്ക് വരുന്ന ജയം രവിയുടെ കഥാപാത്രം ‘ഇതേത് വര്‍ഷമാണെന്ന്’ ചോദിക്കകയും യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ടിവി ഓണ്‍ ചെയ്യുകയും രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം കാണിക്കുന്നതാണ് രംഗം. എന്നാല്‍ ഇത് 2016 ആണെന്ന് വിശ്വസിക്കാതെ ‘ആരെയാണ് നിങ്ങള്‍ പറ്റിക്കാന്‍ നോക്കുന്നത്? ഇത് 1996 ആണ്’ എന്നാണ് ജയം രവിയുടെ കഥാപാത്രം പറയുന്നത്.

1996ലെ തെരഞ്ഞെടുപ്പ് സമയത്ത് ഈ പ്രാവശ്യവും ജയലളിത ജയിച്ചാല്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ലെന്ന് രജനീകാന്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആ തെരഞ്ഞെടുപ്പില്‍ ജയലളിത തോല്‍ക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നാണ് ഇപ്പോള്‍ രജനീകാന്ത് ആരാധകരുടെ ആവശ്യം.

Exit mobile version