വിദ്യാര്‍ത്ഥികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ കോളേജുകള്‍ക്ക് അധികാരമില്ല; യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍

പ്രവേശനസമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ മാത്രമേ കോളജുകള്‍ക്ക് അധികാരമുള്ളൂ

ന്യൂഡല്‍ഹി: കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ അധികാരമില്ലെന്നും പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് നല്‍കിയാല്‍ മതിയെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം യുജിസി പുറത്തിറക്കിക്കഴിഞ്ഞു. ഒപ്പം പ്രവേശനസമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ മാത്രമേ കോളജുകള്‍ക്ക് അധികാരമുള്ളൂ എന്നും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പിന്നീട് സ്ഥാപനം മാറുകയോ കോഴ്‌സ് ഉപേക്ഷിക്കുകയോ ചെയ്യുകയാണെങ്കില്‍ വാങ്ങിയ ഫീസ് കോളജുകള്‍ തിരിച്ചുനല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

പ്രവേശന നടപടികള്‍ അവസാനിക്കുന്നതിന്റെ 15 ദിവസം മുമ്പാണ് വിദ്യാര്‍ത്ഥി അറിയിക്കുന്നതെങ്കില്‍ മുഴുവന്‍ ഫീസും 15 ദിവസത്തിനകത്താണെങ്കില്‍ 90 ശതമാനം ഫീസും കോളജ് തിരികെ നല്‍കണം. പ്രവേശനം പൂര്‍ത്തിയായി 15 ദിവസത്തിനുള്ളിലാണെങ്കില്‍ 80 ശതമാനം ഫീസും 15 ദിവസം മുതല്‍ ഒരു മാസത്തിനിടെ ആണെങ്കില്‍ 50 ശതമാനം ഫീസും മടക്കി നല്‍കണം. എന്നാല്‍, സ്ഥാപനങ്ങള്‍ക്ക് പ്രവേശന നടപടിക്രമങ്ങളുടെ ചെലവിലേക്ക് ഫീസിന്റെ അഞ്ചു ശതമാനമോ പരമാവധി 5000 രൂപ വരെയോ ഈടാക്കാം. പ്രവേശന നടപടികള്‍ അവസാനിച്ച് ഒരു മാസത്തിനുശേഷമാണെങ്കില്‍ ഫീസ് മടക്കിനല്‍കേണ്ടതില്ല. ഇവയാണ് ഫീസ് തിരിച്ചുനല്‍ക്കേണ്ടതിന്റെ ഉപാധികള്‍.

ഇവയൊന്നും പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ, ഗ്രാന്റ് എടുത്തുകളയല്‍, അനുമതി റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ നേരിടേണ്ടിവരുമെന്നും വിജ്ഞാപനം പറയുന്നു. മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അടുത്ത അദ്യയന വര്‍ഷം മുതല്‍ ചട്ടം പ്രാബല്യത്തില്‍ വരുമെന്നും എന്‍ജിനീയറിങ് കോളജുകള്‍ക്കും നിര്‍ദേശം ബാധകമാണെന്നും പറഞ്ഞു.

Exit mobile version