സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചെന്ന് ആരോപണം : ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

മെല്‍ബണ്‍ : സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രം അടങ്ങിയ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്‍. 2017 ഗാബയില്‍ നടന്ന ആഷസ്സ് ടെസ്റ്റിനിടെ ടിം പെയ്ന്‍ ഒരു സഹപ്രവര്‍ത്തകയ്ക്ക് തന്റെ നഗ്ന ചിത്രവും അശ്ലീല സന്ദേശങ്ങളും അയച്ചുവെന്നാണ് ആരോപണം.

ഹൊബാര്‍ട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പെയ്ന്‍ തന്റെ രാജിക്കാര്യം അറിയിച്ചത്.ലൈംഗികാതിക്രമം ആരോപിച്ച് പെയ്‌നിനെതിരെ ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.അഷസ് പരമ്പരയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയുള്ള താരത്തിന്റെ രാജി ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാകും.

2018 മാര്‍ച്ചിലാണ് ഓസീസ് ടെസ്റ്റ് ടീമിന്റെ 46ാമത്തെ ക്യാപ്റ്റനായി ടിം പെയ്ന്‍ നിയമിക്കപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കിയ ദക്ഷിണാഫ്രിക്കയിലെ പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷം ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് വിലക്ക് ലഭിച്ചതോടെയാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. സ്ഥാനമൊഴിഞ്ഞെങ്കിലും പെയ്ന്‍ ടീമില്‍ തുടരുമെന്നാണ് വിവരം.

ആരോപണങ്ങളെത്തുടര്‍ന്ന്‌ ക്രിക്കറ്റ് ഓസ്‌ട്രേലിയ പെയ്‌നിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. താന്‍ മൂലം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനുണ്ടായ നാണക്കേടിന് ക്ഷമ ചോദിക്കുന്നുവെന്നും തന്നെ ഇഷ്ടപ്പെടുന്ന എല്ലാവരെയും നിരാശരാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പെയ്ന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Exit mobile version