സ്വജനപക്ഷപാതിത്വം ചൂണ്ടിക്കാണിച്ചതിന് ചലച്ചിത്ര മേഖലയിലെ ഒരുകൂട്ടം ആള്‍ക്കാര്‍ തനിക്ക് നേരെ സംഘടിച്ചിരിക്കുകയാണ്; കങ്കണ റണൗത്ത്

താനെല്ലാവരേയും തുറന്നുകാട്ടുമെന്നും തനിക്കെതിരെ തിരിഞ്ഞ് അവര്‍ സ്വയം കുഴപ്പങ്ങള്‍ ചോദിച്ചുവാങ്ങിയിരിക്കുകയാണെന്നും കങ്കണ പറഞ്ഞു

കങ്കണ റണൗത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘മണികര്‍ണ്ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’. ചിത്രം തീയ്യേറ്ററില്‍ എത്തിയത് മുതല്‍ വിവാദങ്ങള്‍ വിടാതെ പിന്‍തുടരുകയാണ്. ചിത്രം റിലീസ് ചെയ്തതതിന് പിന്നാലെ ചിത്രത്തിന്റെ ആദ്യ സംവിധായകനായ കൃഷും നടി മിഷ്തി ചക്രവര്‍ത്തിയും കങ്കണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ താരം തന്നെ തനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. ബോളിവുഡിലെ സ്വജനപക്ഷപാതിത്വം ചൂണ്ടിക്കാണിച്ചതിന് ഹിന്ദി ചലച്ചിത്ര മേഖല തനിക്ക് എതിരെ തിരിഞ്ഞുവെന്നാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. മണികര്‍ണ്ണികയുടെ പ്രൊമോഷന് താരങ്ങളുടെ പിന്തുണ ലഭിക്കാത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. നാല് ദേശീയ അവാര്‍ഡ് ലഭിച്ച തനിക്ക് എന്ത് നേട്ടമാണ് ഇതില്‍ നിന്നുണ്ടാവുക. 31 മത്തെ വയസില്‍ താനൊരു സംവിധായികയായി. താന്‍ പക്ഷപാതിത്വത്തെക്കുറിച്ച് സംസാരിച്ചതില്‍ ഇവര്‍ പേടിക്കുന്നതായും കങ്കണ പറഞ്ഞു.

ഒരു ക്ലാസ്മുറിയിലെ 59 പേരും ഒരാള്‍ക്ക് നേരെ തിരിഞ്ഞതുപോലെ തനിക്കെതിരെ സിനിമാ മേഖലയിലെ ഒരുകൂട്ടം ആള്‍ക്കാര്‍ തിരിഞ്ഞിരിക്കുകയാണെന്നും അവരില്‍ പലര്‍ക്കും തന്റെ മുത്തച്ഛന്റെ പ്രായം മാത്രമെ ഉള്ളുവെന്നും കങ്കണ കുറ്റപ്പെടുത്തി. താനെല്ലാവരേയും തുറന്നുകാട്ടുമെന്നും തനിക്കെതിരെ തിരിഞ്ഞ് അവര്‍ സ്വയം കുഴപ്പങ്ങള്‍ ചോദിച്ചുവാങ്ങിയിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.

Exit mobile version