സമയം തെറ്റിച്ച് പറഞ്ഞ് ഷൂട്ടിങ്ങ് സെറ്റുകളില്‍ മണിക്കൂറുകളോളം ഇരുത്തുക, തന്നോട് പറയാതെ തന്റെ കഥാപാത്രങ്ങള്‍ക്ക് മറ്റുള്ളവരെ വെച്ച് ഡബ്ബിംഗ് നടത്തുക പോലും ചെയ്തിട്ടുണ്ട്; ആരോപണവുമായി കങ്കണ

അഭിമാനം ഇല്ലാതെയൊരു ജീവിതമില്ലെന്നാണ് വിശ്വാസമെന്നും സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കണമെന്നും കങ്കണ പറഞ്ഞു

ബോളിവുഡ് സിനിമാ മേഖലയ്ക്ക് നേരെ ആരോപണവുമായി നടി കങ്കണ റണാവത്ത്. തന്നെ മനപ്പൂര്‍വ്വം സമയം തെറ്റിച്ച് പറഞ്ഞ് ഷൂട്ടിങ്ങ് സെറ്റുകളില്‍ മണിക്കൂറകളോളം ഇരുത്തിച്ചിട്ടുണ്ടെന്നും സിനിമാ സംബന്ധിയായ പരിപാടികള്‍ക്കും ട്രെയിലര്‍ ലോഞ്ചുകള്‍ക്കും ക്ഷണിക്കാതിരുന്നിട്ടുണ്ടെന്നും കങ്കണയുടെ വെളിപ്പെടുത്തല്‍. തന്റെ കഥാപാത്രങ്ങള്‍ക്ക് തന്നോട് പോലും പറയാതെ മറ്റാളുകളെ വെച്ച് ഡബ്ബിംഗ് നടത്തുക പോലും ചെയ്തിട്ടുണ്ടെന്നും കങ്കണ ആരോപിച്ചു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം സിനിമാ സെറ്റുകളില്‍ വെച്ച് നിരവധി തവണ താന്‍ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അവ ലൈംഗികാതിക്രമം അല്ലാത്തതിനാല്‍ മീ ടൂവില്‍ വരില്ലെന്നും കങ്കണ റണാവത്ത് പറഞ്ഞു. മീ ടൂ മൂവ്‌മെന്റിന് ശേഷം സിനിമാ മേഖലയിലെ പുരുഷന്മാര്‍ക്ക് ഭയമുണ്ടെന്നും ഇത് അങ്ങനെയൊന്നും അവസാനിക്കില്ലെന്നും ഷൂട്ടിങ്ങ് സെറ്റുകളില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും അല്ലാതെ പ്രശ്‌നങ്ങള്‍ വ്യക്തിപരമായി പരിഹരിക്കാന്‍ കഴിയില്ലെന്നും കങ്കണ പറഞ്ഞു.

അഭിമാനം ഇല്ലാതെയൊരു ജീവിതമില്ലെന്നാണ് വിശ്വാസമെന്നും സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കണമെന്നും കങ്കണ പറഞ്ഞു. മണികര്‍ണിക ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

Exit mobile version