വാക്‌സീനെടുത്തത് ആകെ 15 ശതമാനം പേര്‍ : കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ബൂസ്റ്റര്‍ ഡോസിന് തുടക്കമിട്ട് റഷ്യ

Russia | Bignewslive

മോസ്‌കോ : രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് കുത്തിവെയ്പ്പാരംഭിച്ച് റഷ്യ. വാക്‌സീനെടുത്ത് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

ഒരിടവേളക്ക് ശേഷമാണ് റഷ്യയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പ്രതിദിനം 20000ന് മുകളിലാണ് പുതിയ കേസുകള്‍. ഇത് ജൂണ്‍ മാസത്തിന്റെ തുടക്കത്തിലുള്ള ശരാശരിയുടെ ഇരട്ടിയോളമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,543 പുതിയ കേസുകളും 672 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇത് റഷ്യയിലെ പ്രതിദിന കോവിഡ് നിരക്കിലെ റെക്കോര്‍ഡാണ്.

വാക്‌സീന്‍ എടുക്കുന്നതിലുള്ള മടിയും കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവവുമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. പതിനഞ്ച് കോടിയോളം വരുന്ന റഷ്യന്‍ ജനസംഖ്യയുടെ 15 ശതമാനം പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചിട്ടുള്ളത്.
റഷ്യ ആഭ്യന്തരമായി ഉത്പാദിപ്പിച്ച രണ്ട് ഡോസ് സ്പുട്‌നിക് v വാക്‌സീനും ഒറ്റ ഷോട്ട് സ്പുട്‌നിക് ലൈറ്റും ഉപയോഗിച്ചാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് തുടക്കം കുറിച്ചത്.

നിലവിലെ വിഷമകരമായ സാഹചര്യം കണക്കിലെടുത്ത് വാക്‌സിനേഷന്‍ കഴിഞ്ഞ് ആറ് മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും വൈറസില്‍ നിന്ന് അധിക പരിരക്ഷ നേടേണ്ടത് ഡെല്‍റ്റ പ്ലസ് പോലുള്ള വൈറസ് വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്ന കാലത്ത് അത്യാവശ്യമാണെന്നും മോസ്‌കോ മേയര്‍ സര്‍ജി സൊബിയാനിന്‍ തന്റെ ബ്ലോഗിലൂടെ അറിയിച്ചിരുന്നു.

Exit mobile version