കോവിഡ് ഇന്ത്യയെ തകര്‍ത്തു, യുഎസിലും സ്ഥിതി മോശം : ആഗോളതലത്തിലെ കോവിഡ് വ്യാപനത്തിന് ചൈന നഷടപരിഹാരം നല്‍കണമെന്ന് ട്രംപ്

Donald Trump | Bignewslive

വാഷിംഗ്ടണ്‍ : കോവിഡ് മഹാമാരിയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോളതലത്തില്‍ കോവിഡ്19 വ്യാപനത്തിന് ചൈനയാണ് ഉത്തരവാദികളെന്നും ട്രംപ് ആവര്‍ത്തിച്ചു.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകത്ത് കോവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം ചൈനയാണെന്ന് ട്രംപ് ആവര്‍ത്തിച്ചത്. ആഗോളതലത്തില്‍ കോവിഡ് വ്യാപനത്തിന് ഉത്തരവാദികളായ ചൈന യുഎസിന് 10 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.”ലോകത്തിന് നഷ്ടപരിഹാരമായി ചൈന നല്‍കേണ്ടത് ഇതില്‍ കൂടുതലാണ്. എന്നാലവര്‍ക്ക് ഇത്രയേ നല്‍കാനാവൂ. അവര്‍ ചെയ്ത കാര്യങ്ങള്‍ വിവിധ രാജ്യങ്ങളെ നശിപ്പിച്ചു. അത് ആകസ്മികമായി സംഭവിച്ചതാണെങ്കിലും അല്ലെങ്കിലും കോവിഡ് തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയതുപോലെയാകില്ല.” ട്രംപ് പറയുന്നു.

“നമ്മുടെ രാജ്യത്തെ വളരെ മോശമായാണ് കോവിഡ് ബാധിച്ചത്. എന്നാല്‍ കോവിഡ് അതിലേറെ മോശമായി ബാധിച്ച രാജ്യങ്ങളുണ്ട്. ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് നോക്കൂ. അവര്‍ എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു. ഇന്ത്യ എത്ര നന്നായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന്. കാരണം അവര്‍ക്ക് ഒഴിവുകഴിവുകള്‍ വേണമായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും തകര്‍ന്നുപോയിരിക്കുകയാണ്.” ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇക്കാരണങ്ങള്‍ കൊണ്ടാണ് വൈറസ് എവിടെ നിന്ന് വന്നു എന്ന് കണ്ടെത്തേണ്ടത് വളരെ പ്രധാനമാണെന്ന് താന്‍ കരുതുന്നതെന്നും കോവിഡ് പ്രതിസന്ധിയില്‍ നിന്ന് വേഗത്തില്‍ മടങ്ങിവരുന്ന രണ്ട് സാമ്പത്തികശക്തികളിലൊന്നായ ചൈന തീര്‍ച്ചയായും സഹായഹസ്തം നീട്ടേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.

2019ല്‍ കോവിഡിന്റെ തുടക്കത്തില്‍ തന്നെ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദം ട്രംപ് ഉന്നയിച്ചിരുന്നു. പൊതുചടങ്ങുകളില്‍ പലപ്പോഴും കൊറോണ വൈറസിനെ ചൈന വൈറസ് എന്ന് ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്.

Exit mobile version