വിഷാദരോഗത്തില്‍ നിന്ന് മോചനം നേടാം

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പ്രായഭേദമെന്യേ ലോകത്തിലുള്ള എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് വിഷാദം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 300 ദശലക്ഷത്തിലധികം പേരാണ് വിഷാദത്തിനടിപ്പെട്ടു ജീവിക്കുന്നത്. 2005നും 2015നും ഇടയ്ക്ക് ഉണ്ടായിരുന്നതിനേക്കാള്‍ 18%കൂടുതല്‍ ആണിത്.ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഉള്ളത് കേരളത്തിലാണ് . സമൂഹത്തില്‍ നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതും അപമാനഭയവും ആരോഗ്യത്തോടെ ജീവിതം നയിക്കുന്നതില്‍ നിന്നും ചികിത്സ തേടുന്നതില്‍ നിന്നും മിക്കവരെയും തടയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് വിഷാദരോഗമാണ്. വിഷാദ രോഗം ഉള്ളവരില്‍ നല്ലൊരു പങ്കിനും രോഗത്തെക്കുറിച്ചോ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചോ കൃത്യമായി അറിയില്ല എന്നതാണ് ഏറ്റവും സങ്കടകരമായ ഒന്ന്. അല്പസമയത്തെ ഒരു ദു:ഖമോ വിഷമമോ വിഷാദമല്ല. പക്ഷെ നിരന്തരം നമ്മുടെ മാനസികാവസ്ഥയെ തകര്‍ക്കുന്ന രീതിയിലുള്ള വിഷമവും ദു:ഖവും വിഷാദമാണ്. ഒന്നിലും താല്‍പര്യമില്ലാതാവുക. നിരന്തരം നെഗറ്റീവ് ചിന്തകള്‍ മനസ്സില്‍ കൂടിക്കൂടി വരിക, ജീവിതരീതികള്‍ താളം തെറ്റുക ,ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, ഉറക്കം നഷടപ്പെടുക, തന്നെ ആര്‍ക്കും സഹായിക്കാന്‍ പറ്റില്ലെന്നും തനിക്കും ആരെയും സഹായിക്കാന്‍ പറ്റില്ലെന്നും അതിനാല്‍ ആത്മഹത്യയാണ് നല്ലതെന്നും ഇടക്കിടെ തോന്നുക. ഇത്തരം ലക്ഷണങ്ങള്‍ രണ്ടാഴ്ചയെങ്കിലും മനസ്സില്‍ വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ വിഷാദ രോഗമാണെന്ന് ഉറപ്പിക്കാം. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാമ്പത്തിക കുടുംബ പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലുണ്ടാകുന്ന പ്രതിസന്ധികള്‍, ഒറ്റപ്പെടലുകള്‍, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങള്‍, ലഹരി വസ്തുകളുടെ ഉപയോഗം തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ വിഷാദ രോഗത്തിലേക്ക് നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വെറും പത്തു ശതമാനം പേര്‍ മാത്രമാണ് ഈ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ക്ലിനിക്കുകളില്‍ ചികിത്സയ്‌ക്കെത്തുന്നത്. പലകാരണങ്ങള്‍ കൊണ്ടും വിഷാദം വരാം. അതില്‍ നിന്ന് എങ്ങനെ മോചനം നേടി സാധാരണത്തേതു പോലെ സന്തോഷത്തോടെ കഴിയാം എന്നാണ് ഇനി നാം ചിന്തിക്കേണ്ടത് . സന്തുഷ്ട കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്നവരില്‍ വിഷാദരോഗം കുറവാണെന്ന് 2016 ഒക്ടോബറില്‍ ഇന്ത്യയിലെ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. മാത്രമല്ല സംസാരം കുറയുന്നത് വിഷാദം വളരാന്‍ കാരണമാകുന്നുണ്ട് .സോഷ്യല്‍ മീഡിയകളില്‍ അമിതമായി സമയം ചെലവഴിക്കുന്നതും ഇക്കാലത്ത് വിഷാദ രോഗിയാവാന്‍ സാധ്യത കൂടുതലാണ്. പരസ്പരം ഉള്ളുതുറന്ന് സംസാരിക്കാനുള്ള അവസരങ്ങള്‍ കുടുംബത്തിനുള്ളില്‍ ഉണ്ടാവണം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും. അപ്പോള്‍ അന്നന്നത്തെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും മക്കളും രക്ഷിതാക്കളും പങ്കുവെക്കുന്ന ശീലം ഉണ്ടാക്കിയെടുത്താല്‍ വിഷാദമെന്ന വില്ലനെ തോല്‍പ്പിക്കാം. ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമകരമായ സാഹചര്യം നേരിട്ടാല്‍ അത് കണ്ടെത്താനും കുടുംബത്തെ ഈ അന്തരീക്ഷം സഹായകമാകും. മൗനങ്ങള്‍ കൊണ്ട് തീര്‍ത്ത രാവണക്കോട്ടയില്‍ കഴിയുന്ന കുടുംബങ്ങളില്‍ ഒന്നിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്ന് എല്ലാരും ഒത്തൊരുമിച്ച് ഒരു നേരമെങ്കിലും ഭക്ഷിക്കുന്ന സ്വഭാവം കൊണ്ടുവന്നുനോക്കൂ. വിഷമങ്ങളെല്ലാം നമ്മെ വിട്ട് ദൂരെ ദൂരെക്ക് പോകും. വിഷാദരോഗത്തിന്റെ കാരണങ്ങള്‍ക്കു പിറകെ പായുന്നതിനേക്കാള്‍ നല്ലത് അതില്‍ നിന്നുള്ള പൂര്‍ണ്ണ മോചനത്തെക്കുറിച്ച് ആലോചിക്കുന്നതാണ് .ഒരു കാര്യം ആദ്യമെ തിരിച്ചറിയുക വിഷാദരോഗം ചികിത്സിച്ചാല്‍ മാറാവുന്നതെയുള്ളൂ. പക്ഷെ പലപ്പോഴും രോഗി താനൊരു വിഷാദ രോഗിയാണെന്ന് സമ്മതിച്ചു തരണമെന്നില്ല. കുടുംബം സന്തോഷമുള്ളതാക്കുക .അല്ലാതെ വിഷാദത്തില്‍ നിന്ന് പൂര്‍ണ്ണമോചനം സാധ്യമല്ല . നല്ല സൃഹൃത്തുക്കളെ കണ്ടെത്തുക ,കൂട്ടുകെട്ട് ചീത്തയെന്ന് തോന്നിയാല്‍ അതില്‍ നിന്ന് പിന്മാറുക, ചെയ്യുന്ന പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്ന വിധത്തിലാക്കാന്‍ ശ്രമിക്കുക .മുതിര്‍ന്നവരോട് ഉപദേശങ്ങള്‍ തേടുകയും അംഗീകരിക്കുകയും ചെയ്യുക. സന്തോഷമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക, ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായും നേരത്തേയും ചെയ്യുക ,എവിടെയും ഒന്നാമനാകാന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക, നന്നായി ഉറങ്ങുക, ഉറക്കത്തെ ഇല്ലാതാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക .ഈ കാര്യങ്ങളൊക്കെ ജീവിതത്തില്‍ പാലിച്ചാല്‍ വിഷാദത്തെ നമുക്ക് തോല്‍പ്പിക്കാ . ഉപാധിയില്ലാതെ പരസ്പരം സ്‌നേഹിച്ചാല്‍ സന്തുഷ്ട കുടുംബമായി. മറ്റുള്ളവരെ അംഗീകരിക്കാന്‍ തയ്യാറകണം. കുട്ടികളെയാണെങ്കില്‍ പോലും. സ്‌നേഹസ്പര്‍ശനങ്ങള്‍ കുടംബത്തെ കൂടുതല്‍ സുരക്ഷിതത്വമാക്കും. പ്രകടിപ്പിക്കാത്ത സ്‌നേഹം സ്‌നേഹമല്ലെന്ന് തിരിച്ചറിയുക. ആത്മവിശ്വാസം വളര്‍ത്തുന്ന രീതിയില്‍ രക്ഷിതാക്കള്‍ ഇടപഴകിയാല്‍ ആ കുടുംബത്തില്‍ വിഷാദരോഗത്തിന് സ്ഥാനമില്ല. (മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, സൈക്കോളജിസ്റ്റുമാണ് ലേഖകന്‍. 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)