തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ഡൗണ്‍ നീട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.
ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. നിലവില്‍ 15 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്ധോപദേശം. ഇതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ആദ്യമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 40,000 കടക്കുന്ന സ്ഥിതിയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം വരെ ഉയര്‍ന്നു.
എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രോഗവ്യാപനം കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം 20000ല്‍ താഴെ എത്തി. നിയന്ത്രണം കുറച്ചുദിവസം കൂടി തുടര്‍ന്നാല്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായിട്ടാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.
Discussion about this post