കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാര്യം മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നിയമം വരുന്നതിനു മുന്നേ, ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിക്കവേയാണ് സര്‍ക്കാര്‍ പഴയ നിലപാട് തിരുത്തിയത്.
പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് വേണമെന്ന കേന്ദ്ര മോട്ടോര്‍ വാഹനനിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസ്സിന് മുകളിലുള്ള കുട്ടികള്‍ അടക്കം എല്ലാ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കി.
ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ചൊവ്വാഴ്ചക്കകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നത്. ഇല്ലെങ്കില്‍ വിഷയത്തില്‍ കോടതിയിടപെടുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നയം കേന്ദ്രമോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഉടന്‍ ഇത് തിരുത്തണമെന്നും കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
Discussion about this post