രോഗസംഹാരത്തിനും സൗന്ദര്യസംരക്ഷണത്തിനും ചെറുനാരങ്ങ

the benefits of lemon
സൗന്ദര്യസംരക്ഷണത്തിനു മാത്രമല്ല രോഗസംഹാരത്തിനും ഉത്തമമാണ് ചെറുനാരങ്ങ. കപ്പല്‍ യാത്രികരുടെ ഉറക്കം കെടുത്തിയിരുന്ന രോഗമായ സ്‌കര്‍വി അഥവാ മോണവീക്കം, നാരങ്ങാ നീര് കുടിച്ചാല്‍ മാറുമെന്ന് തെളിഞ്ഞതോടെയാണ് നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ജീവകങ്ങളില്‍ പ്രധാനിയായ ജീവകം- സിയുടെ നല്ല ശേഖരമാണ് നാരങ്ങ. മോണവീക്കവും, വേദനയും രക്തസ്രാവവും, സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം-സിയുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. ദിവസവും നാരങ്ങാനീര് കുടിക്കുന്നതും ഇതു കൊണ്ട് മോണയില്‍ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകള്‍ മാറാന്‍ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ളവനോയ്ഡുകളും ചെറുനാരങ്ങയില്‍ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയിലുള്ള ഫ്ളവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍, പ്രമേഹത്തോടനുബന്ധിച്ച് ചെറു ധമനികള്‍ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ല അണുനാശിനിയാണ് സിട്രിക് ആസിഡ്. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗര്‍ഭാശയ രക്തസ്രാവവും നാരങ്ങാനീര് പുരട്ടുന്നതിലൂടെ കുറയുമെന്ന് കിങ്ങ്സ് അമേരിക്കന്‍ ഡിസ്പെന്‍സറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാന്‍ നാരങ്ങാനീര് നല്‍കുന്നത് ഫലവത്താണെന്ന് ചില ഗവേഷണഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ടോണ്‍സിലൈറ്റിസിനു ശമനമുണ്ടാക്കാന്‍ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണെന്ന് ചില ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ് മറ്റൊരു ഗവേഷണഫലം. ഇലക്കറികള്‍ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര് സഹായിക്കും. നാരങ്ങ തുളച്ചതില്‍ വിരല്‍ കടത്തിവെച്ച് നഖച്ചുറ്റ് മാറ്റുന്നതും നാരങ്ങാനീര് തലയില്‍ പുരട്ടി താരന്‍ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തിക്കുടിച്ച് ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്. സുന്ദരിയാകാന്‍ സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാനിയാണ് നാരങ്ങ. നാരങ്ങയുടെ ഈ ഗുണത്തെപ്പറ്റി നമ്മള്‍ അത്ര ബോധവാന്മാരല്ല. മുഖക്കുരു അകറ്റാന്‍ മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തില്‍ രണ്ടു പ്രാവശ്യം ഇതാവര്‍ത്തിക്കുന്നത് മുഖക്കുരുവിന് ഉത്തമമാണ്. മുട്ടയുടെ വേര്‍തിരിച്ചെടുത്ത വെള്ളയില്‍ രണ്ട് സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖക്കുരു ഉള്ളിടത്ത് തേക്കുക. ഇത് ആവര്‍ത്തിക്കുന്നതിലൂടെ മുഖത്തെ പാടുകളും മുഖക്കുരുവും ക്രമേണ ഇല്ലാതാകും. മുടിയഴകിന് ചെറു ചൂടുള്ള വെളിച്ചെണ്ണയില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. തേയിലയുടെ ചെറു ഇതളുകള്‍ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങ ചേര്‍ക്കുക. തണുപ്പിച്ചാറ്റിയ ആ വെള്ളത്തില്‍ തലമുടി കഴുകുക. ഇത് മുടിയ്ക്ക് തിളക്കം നല്‍കും. ചെറുനാരങ്ങയും ഓറഞ്ചും തലയില്‍ തേച്ച് പിടിപ്പിച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് മുടിയിഴകള്‍ക്ക് നിറം നല്‍കും. കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങയുടെ നീര്, തക്കാളിനീര് ഇവ സമാസമം ചേര്‍ത്ത് കറുത്ത പാടുകളില്‍ തേക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. പാടുകള്‍ പമ്പ കടക്കും. നാരങ്ങാനീര് പാലിന്റെ പാടയില്‍ ചേര്‍ത്ത് മഞ്ഞള്‍ മിക്സ് ചെയ്ത് കറുത്തപാടുകളില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് ഒപ്പുക. പാടുകള്‍ ഇല്ലാതാകും. പുതിനയിലയും നാരങ്ങയുടെ തളിരിലയും കൂട്ടി അരച്ച് ചേര്‍ത്ത മിശ്രിതത്തിലേക്ക് ചെറുനാരങ്ങയുടെ നീര് യോജിപ്പിച്ച് പാടുകളില്‍ തേക്കുക. കറുത്ത പാടുകള്‍ക്ക് ഇത് ഉത്തമമാണ്  

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)