രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകുന്നു; സിനിമയാകുമ്പോള്‍ പേര് 'മഹാഭാരതം' , ഭീമനായി മോഹന്‍ലാല്‍, 1000 കോടി മുടക്കി നിര്‍മ്മിക്കുന്നത് യുഎഇ എക്‌സ്‌ചേഞ്ച് ഉടമ ബിആര്‍ ഷെട്ടി, പ്രോജക്ട് പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് വീഡിയോ

prayar gopalakrishnan,sabarimala,pampa river
ആയിരം കോടി ബജറ്റില്‍ മലയാളത്തിന്റെ താരരാജാവ് നായകനായി എംടി വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' യാഥാര്‍ത്ഥ്യമാകുന്നു. എടിയുടെ വിഖ്യാത നോവല്‍ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന്റെ പേര് 'മഹാഭാരതം'. പ്രമുഖ പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയാണ് 1000 കോടി ബജറ്റില്‍ സിനിമ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ഇത്രയും മുടക്കുമുതലുള്ള ഒരു സിനിമ ഇതിനുമുന്‍പ് യാഥാര്‍ഥ്യമായിട്ടില്ല. വിആര്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുക. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്ത് അവതരിപ്പിക്കാനും പദ്ധതിയുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. ആദ്യഭാഗം 2020ല്‍ തീയേറ്ററുകളിലുമെത്തും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗവുമെത്തും. മഹാഭാരത കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് തന്റേതെന്നും രണ്ടാമൂഴത്തിലെ ഭീമനായി തന്നെ തീരുമാനിച്ച എംടിക്ക് നന്ദി പറയുന്നുവെന്നും പ്രോജക്ട് പ്രഖ്യാപിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ മോഹന്‍ലാല്‍ പറഞ്ഞു. 'മഹാഭാരത കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് എന്റെയും. ഇതിഹാസങ്ങളുടെ ഇതിഹാസമാണത്. എംടിയുടെ രണ്ടാമൂഴം എന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയാണ്. ഈ നോവല്‍ എത്രപ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് അറിയില്ല. ഇതിനിടയിലെപ്പോഴോ ആണ് രണ്ടാമൂഴത്തിന് ദൃശ്യാവിഷ്‌കാരമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചത്. ഇന്ത്യക്കാരനും നടനും എന്ന നിലയില്‍ ഈ കഥയും സിനിമയും ആഗോളപ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ളതാണ്. രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം കുറച്ചുനാളായി വാര്‍ത്തകളിലുണ്ട്. അതിലെല്ലാം ഭീമന്റെ വേഷത്തിലേക്ക് എന്റെ പേരാണ് പറഞ്ഞുകേട്ടത്. എന്റെ പേരിലര്‍പ്പിച്ച വിശ്വാസത്തിന് എംടി സാറിന് നന്ദി. ഈ സിനിമ ലോകപ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കേണ്ടത് എല്ലാവിധ ദൃശ്യസൗന്ദര്യത്തോടെയുമായിരിക്കണം. ആ നിലവാരത്തിനിണങ്ങിയ ബജറ്റ് ആവശ്യമാണ്. 1000 കോടി ബജറ്റില്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ ബി.ആര്‍.ഷെട്ടിയെപ്പോലുള്ള ആഗോള സംരംഭകന്റെ ദീര്‍ഘവീക്ഷണത്തെ സല്യൂട്ട് ചെയ്യുന്നു. ഇത് ചരിത്രത്തിന്റെ ഭാഗമാണ്'. മഹാഭാരതത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം ഹോളിവുഡില്‍ നിന്നുള്ള നടീനടന്മാരും ഭാഗഭാക്കാവുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ഇതിന്റെ താരനിര്‍ണയം പുരോഗമിക്കുകയാണ്. വിഎഫ്എക്‌സിലും സ്റ്റണ്ട് കൊറിയോഗ്രഫിയിലും മഹാഭാരതം അത്ഭുതം സൃഷ്ടിക്കുമെന്നും അണിയറക്കാര്‍. രണ്ടാമൂഴം സിനിമയാക്കാന്‍ മുന്‍പും പലരും സമീപിച്ചിരുന്നെങ്കിലും എന്തുകൊണ്ട് തയ്യാറായില്ലെന്ന് എംടി പറയുന്നു. ഏതാണ്ട് 20 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് രണ്ടാമൂഴം എഴുതുന്നത്. അത് സിനിമയാക്കാന്‍ മുന്‍പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മ്മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. അത് അഥ്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാവൂ. അതുകൊണ്ടാണ് ഇത്രയുംനാള്‍ രണ്ടാമൂഴം എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പ്, രണ്ടാമൂഴം എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുളഅള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയില്‍ ബിആര്‍ ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷം എന്നും എംടി പറഞ്ഞു. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാവും സിനിമയെന്ന് യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകന്‍ കൂടിയായ ബിആര്‍ ഷെട്ടി പറയുന്നു. ഇതാദ്യമായാണ് മഹാഭാരതം ഇത്രയും വലിയൊരു ക്യാന്‍വാസില്‍ സിനിമയാകുന്നത്. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാവും സിനിമ. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുക എന്റെ സ്വപ്‌നമായിരുന്നു. അഥ് സാക്ഷാത്കരിക്കുകയാണ് ഇതിലൂടെ. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ആദ്യം വായിച്ചത്. ഇപ്പോള്‍ തിരക്കഥയും വായിച്ചു. എംടിയുടെ അക്ഷരങ്ങള്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഊന്നത്യത്തിലെത്തും. സംവിധായകന്‍ വിആര്‍ ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കാര മികവിലും പൂര്‍ണവിശ്വാസമുണ്ട്. ബിആര്‍ ഷെട്ടി പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)