വിഷമ ഘട്ടത്തില്‍ പലരും സംഗീതത്തെ ആശ്രയിക്കാറുണ്ട്. ചിലപ്പോഴെങ്കിലും സംഗീതം പ്രതീക്ഷയും ആശ്വാസവും നല്‍കും. ഇതാ ഒരു അഞ്ചുവയസ്സുകാരന്റെ കഥ ഇനി അറിയാം.
ട്യൂമര്‍ ബാധിച്ച് സ്വന്തം വേദനകളെ മറക്കാന്‍ ശ്രമിക്കുകയാണ് അഞ്ചുവയസ്സുകാരന്‍ സോളമന്‍. ആശുപത്രികിടക്കയില്‍ കഴിയുമ്പോഴും തന്റെ ഇഷ്ടതാരമായ മൈക്കിള്‍ ജാക്‌സനെ പോലെ ചുവടുവെച്ച് ആനന്ദം കണ്ടെത്തുകയാണ് ഈ പൊന്നോമന. മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ബാഡ് എന്ന ഗാനത്തിനാണു സോളമന്റെ നൃത്തം.
കാന്‍സര്‍ വാര്‍ഡില്‍ കഴിയുമ്പോഴും തന്റെ നൃത്തംകൊണ്ട് ആളുകള്‍ക്കിടയില്‍ വൈറലാവുകയാണ് ഈ മിടുക്കന്‍. അല്‍പം ഹൃദയ വേദനയോടെയാണ് വിഡിയോ ലോകം കണ്ടതെങ്കിലും വലിയ പ്രതീക്ഷയാണ് ഈ കുഞ്ഞിന്റെ നൃത്തം നല്‍കുന്നത്. നൃത്തം കണ്ടവര്‍ ‘മൈക്കിള്‍ ജാക്‌സണ്‍ന്റെ അനന്തരാവാകാശി’ എന്നാണ് ഈ കുഞ്ഞിനെ വിശേഷിപ്പിച്ചത്. ഭാവിയില്‍ ജാക്‌സണോളം തന്നെ ഇവന്‍ പ്രശസ്തനാകുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഈ മിടുക്കന്റെ കഥകളറിഞ്ഞതോടെ നിറകണ്ണുകളോടെ ലോകര്‍ പ്രാര്‍ത്ഥിക്കുകയാണ്.
കുട്ടിയുടെ അമ്മയാണ് മകന്റെ നൃത്തവും പാട്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 3 വയസ്സ് മുതല്‍ സംഗീതത്തോടും നൃത്തത്തോടുമുള്ള അഭിനിവേശം സോളമനില്‍ പ്രകടമായിരുന്നെന്ന് അമ്മ പറയുന്നു. മൈക്കിള്‍ ജാക്‌സണ്‍ന്റെ ബില്ലി ജീന്‍, ത്രില്ലര്‍, ബീറ്റ് ഇറ്റ് എന്നീ ഗാനങ്ങള്‍ സ്ഥിരമായി കേള്‍ക്കും. തുടര്‍ന്ന് മൈക്കിള്‍ ജാക്‌സണ്‍ന്റെ കടുത്ത ആരാധകനായി മാറുകയായിരുന്നു സോളമന്‍ എന്നാണ് അമ്മ പറയുന്നത്.
കുട്ടിയുടെ ചെറിയമ്മയാണ് പാട്ടുകള്‍ വെച്ചുകൊടുക്കുന്നത്. പിന്നീട് അവന്‍ അതിനൊത്ത് നൃത്തം ചെയ്യും. ‘അവന്റെ നൃത്തം കണ്ടാല്‍ അസുഖബാധിതനാണെന്നു നിങ്ങള്‍ക്കു തോന്നില്ല’ സോളമന്റെ അമ്മ പറയുന്നത്. വയറിലാണു സോളമനു കാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ജനുവരിയില്‍ ചികിത്സ പൂര്‍ത്തിയാകും. പൂര്‍ണ ആരോഗ്യവാനായി സോളമന്‍ തിരിച്ചു വരാന്‍ കാത്തിരിക്കുകയാണ് ലോകം