പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉള്ളത് 'സംഘി' നിലപാടുകളാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

കൊച്ചി: സംഘപരിവാര്‍ നിലപാടുകളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉള്ളത് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. മൂന്നു ക്ലിപ്പിങ്ങുകളിലായി മൂന്നു മിനിറ്റ് ദൈര്‍ഘ്യം വരുന്ന ശബ്ദസന്ദേശം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എറണാകുളം ജില്ലയിലെ പായിപ്ര ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എംസി വിനയന്റേതാണ് വിവാദ സന്ദേശം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച വിഎം സുധീരനും കെ മുരളീധരനും മതേതര നിലപാടാണുള്ളതെന്നും രമേശ് ചെന്നിത്തലയുടേത് 'സംഘി' നിലപാടാണെന്നും സന്ദേശത്തില്‍ യൂത്ത് നേതാവ് കുറ്റപ്പെടുത്തുന്നു. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായെന്ന മുഖവുരയോടെ ആരംഭിക്കുന്ന സന്ദേശം ചെന്നിത്തലയുടെ സംഘപരിവാര്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് അവസാനിപ്പിക്കുന്നത്. ശബ്ദസന്ദേശത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ 'രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ നടന്ന പഞ്ചായത്ത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റുകാരുടെ നെറികെട്ട ഭരണത്തിനെതിരേ ഒരു തരംഗം ആഞ്ഞടിച്ചു. എന്നാല്‍, അദ്ദേഹം കെപിസിസി പ്രസിഡന്റായിരിക്കെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്. 72 സീറ്റില്‍ ചുരുങ്ങി. ഇത് രമേശ് ചെന്നിത്തലയുടെ കഴിവുകേടല്ലേ. അതെന്താ പറയാത്തത്. വ്യക്തിപൂജ അവസാനിപ്പിക്കണം. സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കെ ഒരു ജാതിമത സംഘടനകള്‍ക്കു മുന്നിലും മുട്ടുമടക്കിയിട്ടില്ല. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവച്ചത്. പക്ഷേ, സ്വന്തം കഴിവില്ലായ്മ മനസിലാക്കിക്കൊണ്ട് രമേശ് ചെന്നിത്തല മാറികൊടുക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. അദ്ദേഹം നിയമസഭയില്‍ എന്തു വൃത്തികേടാ പറഞ്ഞത്. ഗുരുവായൂര്‍ അമ്പലത്തില്‍ സാമൂഹിക വിരുദ്ധര്‍ കുടിവെള്ളം കമഴ്ത്തികളയാന്‍ അവിടത്തെ എംഎല്‍എ. അബ്ദുള്‍ ഖാദര്‍ കൂട്ടുനിന്നു എന്നും അദ്ദേഹത്തിന് പ്രസാദ ഊട്ടിനെക്കുറിച്ച് പറയാന്‍ എന്താ അര്‍ഹതയെന്നും. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ ഇരിക്കുന്ന ഒരു ക്ഷേത്രമാണത്. ആ ക്ഷേത്രത്തിന്റെ അകത്തേക്ക് കേറാന്‍ പാടില്ല എന്നത് അവിടെ ഒരു നിയമം നിലനില്‍ക്കുന്നു എന്നുള്ളതുകൊണ്ടാണ്. പക്ഷേ, പുറത്തെ കാര്യങ്ങളില്‍ നൂറുശതമാനം അവിടുത്തെ എംഎല്‍എയ്ക്ക് ഇടപെടാം. ദേവസ്വം ബോര്‍ഡ് അമ്പലമാണിത്. ആ അമ്പലത്തിലെ പ്രസാദ ഊട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ാന്‍ എയംഎല്‍എയ്ക്ക് എന്താ അവകാശം എന്ന് ചോദിക്കുന്നത് പ്രതിപക്ഷ നേതാവിന് ചോദിക്കാന്‍ പറ്റുന്ന ചോദ്യമാണോ ഇത്. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ സംഘി നിലപാടുകളോടാണ് ഞങ്ങള്‍ക്ക് വെറുപ്പ്. അദ്ദേഹം മാറി കെ മുരളീധരനെ പോലുള്ള മതേതര വിശ്വാസി അല്ലെങ്കില്‍ വിഡി സതീശനെ പോലുള്ള ഒരാള്‍ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വരികതന്നെ വേണം. അതിനിപ്പം ആരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ നിലപാടില്‍ നിന്ന് മാറ്റമില്ല' ശബ്ദസന്ദേശം ചൂണ്ടിക്കാട്ടി. വിവാദ ശബ്ദ സന്ദേശത്തിനെതിരേ ഇതിനകം ഐ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് സംഘപരിവാര്‍ നിലപാടാണെന്ന് പ്രചരിപ്പിക്കുന്ന യൂത്ത് നേതാവിനെതിരേ മാതൃകാപരമായ ശിക്ഷണ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി തൊടുത്തുവിട്ട 'പകല്‍ കോണ്‍ഗ്രസും രാത്രി സംഘപരിവാറുമെന്ന' വിമര്‍ശനം താഴെത്തട്ടിലും പ്രതിഫലിക്കുന്നതിന്റെ ഉദാഹരണമാവുകയാണ് ഈ ശബ്ദസന്ദേശം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)