മാഡ്രിഡ്: റയല്‍ മാഡ്രിന്റെ സൂപ്പര്‍താരവും ലോകകപ്പ് ഫുട്ബോളില്‍ വന്‍കുതിപ്പ് നടത്തി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ക്രൊയേഷ്യന്‍ ടീം നായകനുമായ ലൂക്കാ മോഡ്രിച്ച് ഒടുവില്‍ തന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. 2018ലെ ബാലന് ഡി ഓര് ജേതാവ് കൂടിയായ ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
റയലില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്ന് സ്പാനിഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലേക്ക് താരം ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
2020 വരെയാണ് റയലുമായുള്ള മോഡ്രിച്ചിന്റെ കരാര്‍. കരാര്‍ പുതുക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതുവരെ കരാര്‍ റയല്‍ മാഡ്രിഡ് പുതുക്കിയിട്ടില്ല.
റയലിലെത്തിയ ആദ്യ ദിവസത്തേതുപോലെ താന്‍ ഇപ്പോഴും സന്തുഷ്ടനാണെന്ന് മോഡ്രിച്ച് പറഞ്ഞു. സെവിയ്യയ്ക്കെതിരായ മത്സര ശേഷമാണ് റയലില്‍ തുടരാനുള്ള ആഗ്രഹം മോഡ്രിച്ച് തുറന്നു പറഞ്ഞത്. നിലവില്‍ ലീഗില്‍ മൂന്നാമതാണ് റയല്‍. സിദാനും റൊണാള്‍ഡോയും ക്ലബില്‍ നിന്ന് പോയ ശേഷം ടീം ഈ സീസണില്‍ തിരിച്ചടി നേടുകയാണ്.
Discussion about this post