വയനാട്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ പേസര്‍മാരുടെ കരുത്തില്‍ ശക്തരായ ഗുജറാത്തിനെതിരേ കേരളത്തിന് 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ 162-ല്‍ ഒതുക്കി. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യറും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ബേസില്‍ തമ്പിയും നിധീഷും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേലിനും 36 റണ്‍സെടുത്ത കലേറിയയ്ക്കും മാത്രമാണ് കേരളത്തിന്റെ മൂര്‍ച്ചയേറിയ പന്തേറിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്.
കളി തുടങ്ങി ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ കേരളം മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. നേരത്തെ ഗുജറാത്തിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 185 റണ്‍സിന് അവസാനിച്ചിരുന്നു. കേരളത്തിന്റെ ഒമ്പത് വിക്കറ്റും വീഴ്ത്തിയത് ഗുജറാത്തിന്റെ പേസ് ബൗളര്‍മാരാണ്. 33 പന്തില്‍ 37 റണ്‍സെടുത്ത ബേസില്‍ തമ്പിയായിരുന്നു ടോപ് സ്കോറര്‍.
അതേസമയം, ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ സഞ്ജു വി സാംസണ് പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായി. ഇടതുകൈവിരലിന് പരിക്കേറ്റ സഞ്ജു രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങില്ല.
ഈ മത്സരത്തില്‍ വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശിനെ കീഴടക്കിയാണ് കേരളം തുടര്‍ച്ചയായ രണ്ടാം തവണയും ക്വാര്‍ട്ടറിലെത്തിയത്.
Discussion about this post