ചരിത്രജയം നേടി സൗദി അറേബ്യ: മെസ്സിപ്പടയെ വിറപ്പിച്ചത് 2 ഗോളിന്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് സിയില്‍ അര്‍ജന്റീനയെ വിറപ്പിച്ച് സൗദി അറേബ്യ. രണ്ടാം പകുതിയില്‍ സൗദി ഇരട്ട ഗോള്‍ നേടി. 48-ാം മിനിറ്റിലാണ് സാലെ അല്‍ ഷെഹ്‌രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദോസരിയുമാണ് സൗദിയുടെ ഞെട്ടിപ്പിക്കുന്ന ഗോളുകള്‍ നേടിയത്.

എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാല്‍റ്റി ഗോള്‍. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസ്സിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.

എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത മെസ്സിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസ്സഹായനാക്കി മെസ്സി വലകുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസ്സി മാറി.

22ാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 28-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്സും വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തില്‍ റഫറി ആ കിക്കിനും ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ത്തി. 34-ാം മിനിറ്റിലും ഇത് ആവര്‍ത്തിച്ചു. ലൗട്ടാറോ മാര്‍ട്ടിനെസ് വീണ്ടും വലകുലുക്കിയെങ്കിലും അതും ഓഫ് സൈഡായി.

മത്സരത്തില്‍ ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പിറന്നത്. ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും രണ്ടാമതൊരു ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. മെസ്സിയുടെ ഓരോ ചുവടിനും പിന്നാലെ ആരാധകഹൃദയങ്ങള്‍ പായുമ്പോള്‍ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആരവം ഉയരുകയാണ്.

Exit mobile version