ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഈ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുമുള്ള പുരസ്‌കാരവും മന്ദാനയ്ക്കാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് മികച്ച താരമായി ഇന്ത്യയുടെ ഇടംകൈ ബാറ്റ്സ്വുമണ്‍ സ്മൃതി മന്ദാന തെരഞ്ഞെടുക്കപ്പെട്ട വിവരമുള്ളത്. വനിതാ ട്വന്റി-ട്വന്റി ലോകകപ്പിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് സ്മൃതി മന്ദാന നടത്തിയത്.
2018-ല്‍ കളിച്ച 12 ഏകദിനങ്ങളില്‍ നിന്നും 66.90 റണ്‍സ് ശരാശരിയില്‍ ആകെ 669 റണ്ണാണ് സ്മൃതി അടിച്ചുകൂട്ടിയത്. 25 ട്വന്റി-ട്വന്റി മത്സരങ്ങളില്‍ 622 റണ്‍സും സ്മൃതി നേടി. 130.67 പ്രഹരശേഷിയിലായിരുന്നു സ്മൃതിയുടെ ട്വന്റി-ട്വന്റിയിലെ ബാറ്റിംങ്. ട്വന്റി-ട്വന്റി ലോകകപ്പില്‍ അഞ്ച് കളിയില്‍ നിന്നും 178 റണ്‍സ് സ്മൃതി മന്ദാന നേടിയിരുന്നു. ഏകദിന ബാറ്റിംങ് റാങ്കിംങില്‍ നാലാമതും ട്വന്റി-ട്വന്റിയില്‍ പത്താമതുമാണ് നിലവില്‍ സ്മൃതിയുടെ സ്ഥാനം.
‘കളിക്കാരിയെന്ന നിലയില്‍ കൂടുതല്‍ റണ്‍സ് നേടുക ടീമിനെ വിജയിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് മനസിലുണ്ടാവുക. പ്രകടനങ്ങളുടെ പേരില്‍ അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ ഉത്തരവാദിത്വം കൂടുകയാണ്. കൂടുതല്‍ കഠിനമായി പരിശ്രമിച്ച് മികച്ച പ്രകടനം ടീമിനായി നടത്താന്‍ ശ്രമിക്കും’എന്നായിരുന്നു സ്മൃതി മന്ദാന പുരസ്‌കാരവിവരത്തോട് പ്രതികരിച്ചത്.