കൂടെ കളിക്കുന്ന താരത്തെ കളിയാക്കിയാല്‍ ആരാധകരാണെങ്കിലും വിവരമറിയും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി താരം കലിദു കൗലിബലിക്കു നേരേ ഉണ്ടായ കാണികളുടെ വംശീയ അധിക്ഷേപത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് റോണോ രംഗത്തെത്തി. കൗലിബാലിക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ജുവന്റസ് സൂപ്പര്‍ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘പരസ്പര ബഹുമാനമാണ് കാല്‍പന്തുകളിയുടെ മുഖമുദ്ര, എല്ലാ തരത്തിലുമുളള വിവേചനത്തിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ് ഞങ്ങള്‍ താരങ്ങള്‍’ എന്നായിരുന്നു റൊണാള്‍ഡോ പറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന നാപ്പോളി-ഇന്റര്‍- മിലാന്‍ മത്സരത്തിനിടെയാണ് നാപ്പോളി താരം കലിദു കൗലിബലിയെ ഇന്റര്‍മിലാന്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത്.കൗലിബലിയെ കുരുങ്ങന്‍മാരുടെ ശബ്ദമുണ്ടാക്കി മത്സരത്തിലുടനീളം ഏതാനും ആരാധകര്‍ അധിക്ഷേപിക്കുകയായിരുന്നു. പലതവണ താരത്തിനു നേരെ ഇവര്‍ അലറി വിളിച്ചു.
എന്നാല്‍ ഇത് താങ്ങാവുന്നലുമപ്പുറമാണ് കളി അവസാനിപ്പിക്കാം എന്ന് നാപ്പോളി പരിശീലകന്‍ കാല്‍ലോസ് ആന്‍സലോട്ടി ആവശ്യപ്പെട്ടു. എന്നാല്‍ റഫറി ആവശ്യം നിരസിക്കുകയും ഇതി വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തു. അതേസമയം കാണികളുടെ ഈ വൃത്തികെട്ട പ്രകടനം കാരണം കൗലിബാലി സമ്മര്‍ദ്ദത്തിലായെന്നും തുടര്‍ന്ന് 2 തവണ മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചതായും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് നപ്പോളി തോറ്റിരുന്നു. റഫറിയെ അപമാനിച്ചുവെന്നും ചുവപ്പുകാര്‍ഡ് കണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് മത്സരത്തില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്.