ലക്ഷ്യം കണ്ട് ആരാധകർ, പിന്മാറി പ്രീമിയർ ലീഗ് ക്ലബുകൾ; യൂറോപ്യൻ സൂപ്പർ ലീഗിന് അകാല ചരമം

european super league

മിലാൻ: ആരാധകരുടെ ഭീഷണിയും പ്രതിഷേധവും ഫലം കണ്ടു. യൂറോപ്യൻ സൂപ്പർ ലീഗ് വെള്ളത്തിൽ വരച്ച വരയായി. പ്രമുഖരായ ആറ് ഇംഗ്ലീഷ് ക്ലബുകൾ പിന്മാറുന്നതായി അറിയിച്ചതോടെയാണ് സൂപ്പർ ലീഗ് അകാലത്തിൽ തന്നെ പൊലിഞ്ഞത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, ടോട്ടനം, ആഴ്‌സനൽ എന്നീ ഇപിഎൽ ക്ലബുകളാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.

സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസ് ആണ് സൂപ്പർ ലീഗിന്റെ ചെയർമാൻ. 15 സ്ഥാപക ക്ലബ്ബുകളേയും യോഗ്യതാ റൗണ്ട് വഴിയെത്തുന്ന അഞ്ച് സൂപ്പർ ക്ലബ്ബുകളേയും കൂട്ടിച്ചേർത്താണ് സൂപ്പർ ലീഗ് സംഘടിപ്പിക്കാൻ ഒരുങ്ങിയിരുന്നത്. ഹോം ആന്റ് എവേ രീതിയിൽ മത്സരങ്ങൾ നടത്താനും തീരുമാനമായിരുന്നു.

ഫുട്‌ബോൾ പ്രേമികളുടെ കടുത്ത പ്രതിഷേധവും ഭീഷണിയും കാരണമാണ് പ്രീമിയർ ലീഗ് ക്ലബുകളുടെ പിന്മാറ്റം. സൂപ്പർ ലീഗ് പ്രഖ്യാപനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിലാണ് ആരാധകരോട് മാപ്പ് പറഞ്ഞ് പകുതി ക്ലബുകളും പിന്മാറിയത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഫുട്‌ബോളിനെ പണത്തിന് വേണ്ടി ചിലർ വിൽക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു ആരാധകരുടെ പരാതി.

ചാമ്പ്യൻസ് ലീഗിന് പകരമായി സൂപ്പർലീഗിനെ കാണാനാകില്ലെന്നും ഫുട്‌ബോളിന് ആദരാഞ്ജലി എന്ന് അറിയിച്ചും കടുത്ത പ്രതിഷേധത്തിലായിരുന്നു ആരാധകർ. അതേസമയം, ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാനം വർഷം തോറും ലക്ഷ്യം വെച്ചാണ് 12 ക്ലബുകൾ യൂറോപ്യൻ സൂപ്പർ ലീഗിന് വേണ്ടി ഒപ്പുവെച്ചത്.

ക്ലബുകളുടെ പദ്ധതികളെ തകർത്ത് രാഷ്ട്രീയക്കാരും ഫുട്‌ബോൾ വിദഗ്ധരും യുവേഫയും നിയമനടപടിക്ക് ഒരുങ്ങിയിരുന്നു. സൂപ്പർലീഗിൽ പങ്കെടുത്താൽ വിലക്ക് ഉൾപ്പടെ ഏർപ്പെടുത്തുമെന്ന് താരങ്ങൾക്ക് മുന്നറിയിപ്പും ലഭിച്ചു.

നിയമനടപടികളും സ്റ്റേഡിയത്തിനകത്ത് ഉൾപ്പടെയുള്ള ആരാധകരുടെ പ്രതിഷേധവും കണക്കിലെടുത്ത് ആദ്യം സിറ്റിയാണ് പിന്മാറിയത്. സിറ്റിക്ക് പിന്നാലെ യുണൈറ്റഡും ലിവർപൂളും ആഴ്‌സനലും ടോട്ടനവും ഒടുവിൽ ചെൽസിയും പിന്മാറ്റം പ്രഖ്യാപിച്ചു. ഇനി സ്പാനിഷ്-ഇറ്റാലിയൻ ക്ലബുകൾ മാത്രമാണ് സൂപ്പർലീഗിൽ ഉറച്ചുനിൽക്കുന്നത്

റയൽമാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, എസി മിലാൻ, ഇന്റർ മിലാൻ, യുവന്റസ് ക്ലബുകൾ മനസ് തുറന്നിട്ടില്ല.

ഇംഗ്ലീഷ് ക്ലബുകളുടെ പിന്മാറ്റത്തോടെ സൂപ്പർ ലീഗ് തത്കാലം നടത്തുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സൂപ്പർ ലീഗ് തിരിച്ചുവരുമെന്നാണ് അധികൃതർ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

Exit mobile version