ദുബായ്: ഐപിഎല്ലിൽ നിന്നും ത്രസിപ്പിക്കുന്ന വിജയത്തോടെ ചെന്നൈയ്ക്ക് ഇന് മടങ്ങാം. അവസാന പന്തിൽ വിജയം കൊൽക്കത്തിയിൽ നിന്നും പിടിച്ചെടുത്ത് ചെന്നൈ കരുത്ത് കാട്ടി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത അടിച്ചെടുത്ത 173 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിൽ ചെന്നൈ മറികടന്നു.
അവസാന ഓവറിൽ 10 റൺസ് അകലത്തിൽ വിജയം നിൽക്കെ കമലേഷ് നാഗർകോട്ടിയുടെ അഞ്ചാമത്തെയും ആറാമത്തെയും പന്ത് സിക്സറടിച്ചാണ് രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് മാസ്മരിക ജയം സമ്മാനിച്ചത്. 11 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 31 റൺസെടുത്ത ജഡേജ പുറത്താകാതെ നിന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. 53 പന്തിൽ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 72 റൺസെടുത്ത താരം 18ാം ഓവറിലാണ് പുറത്തായത്.
അതേസമയം, പ്ലേഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായ ചെന്നൈ അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്ന് സമ്മാനിച്ചത് എട്ടിന്റെ പണി കൂടിയായി പോയി. ഈ തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾ മങ്ങുകയായിരുന്നു.
173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഷെയ്ൻ വാട്ട്സൺ-റുതുരാജ് സഖ്യം 7.3 ഓവറിൽ 50 റൺസ് സമ്മാനിച്ചിരുന്നു. 53 പന്തിൽ നിന്നും 72 റൺസെടുത്ത റുതുരാജ് ഈ മത്സരത്തിലും താരമായി. 20 പന്തിൽ നിന്നും 38 റൺസുമായി അമ്പാട്ടി റായ്ഡുവും 19 പന്തിൽ നിന്നും 14 റൺസുമായി ഷെയ്ൻ വാട്സണും പുറത്തായി. അതേസമയം, നായകൻ ധോണിക്ക് നാലു പന്തിൽ നിന്ന് ഒരു റൺ മാത്രമേ നേടാൻ സാധിച്ചുള്ളൂ. സാം കറൻ 14 പന്തിൽ നിന്ന് 13 റൺസുമായി പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി പാറ്റ് കമ്മിൻസും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ ഒറ്റയാൽ പോരാട്ടമാണ് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. 61 പന്തുകൾ നേരിട്ട റാണ നാലു സിക്സും 10 ഫോറുമടക്കം 87 റൺസെടുത്തു. കൊൽക്കത്ത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേഷ് കാർത്തിക്കാണ് കൊൽക്കത്തയെ 172ൽ എത്തിച്ചത്. 10 പന്തുകൾ നേരിട്ട കാർത്തിക്ക് 21 റൺസോടെ പുറത്താകാതെ നിന്നു.
Discussion about this post