വമ്പൻമാർക്ക് എല്ലാം നാണക്കേട്; ലിവർ പൂൾ വഴങ്ങിയത് 7 ഗോൾ, യുണൈറ്റഡ് 6 ഗോൾ; പ്രീമിയർ ലീഗിലും വൻ അട്ടിമറികൾ

ലണ്ടൻ: ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ മെസിയുടെ ബാഴ്‌സലോണയെ ബയേൺ മ്യൂണിക്ക് 8-2ന് നാണംകെടുത്തിയതിന്റെ അമ്പരപ്പ് മാറാത്ത ഫുട്‌ബോൾ ഫാൻസിനെ ഞെട്ടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞദിവസത്തെ മത്സരത്തിൽ നടന്നത് വമ്പൻ അട്ടിമറികൾ.

നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ ആസ്റ്റൺവില്ല 7-2ന് അട്ടിമറിച്ചപ്പോൾ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ ആറു ഗോളിന് തകർത്താണ് ടോട്ടൻഹാം ഞെട്ടിച്ചത്. ആസ്റ്റൺ വില്ലയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലിവർപൂളിന്റെ പ്രതിരോധ തന്ത്രങ്ങളെല്ലാം പാളിയപ്പോൾ തകർന്നടിയാായിരുന്നു വിധി. ഒലി വാറ്റ്കിൻസ് ആസ്റ്റൺ വില്ലയ്ക്കായി മൂന്നു ഗോളടിച്ചപ്പോൾ ജാക്ക് ഗ്രീലിഷ് ഇരട്ടഗോൾ നേടി. ജോൺ മക്ഗിനും റോസ് ബാർക്ലിയും ഓരോ ഗോൾ വീതം അടിച്ചു. ലിവർപൂളിന്റെ ആശ്വാസമായ രണ്ട് ഗോളുകളും പിറന്നത് മുഹമ്മദ് സലായുടെ ബൂട്ടിൽ നിന്നായിരുന്നു. 1953ന് ശേഷം ആദ്യമായാണ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ഒരു ടീം ഏഴ് ഗോളുകൾ വഴങ്ങുന്നത്.

ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിലാണ് നാണക്കേടിന്റെ ആറു ഗോളുകൾ വാങ്ങിക്കൂട്ടിയത്. യുണൈറ്റഡിന്റെ മുൻ പരിശീലകനായ ഹൗസെ മൗറിന്യോ പരിശീലിപ്പിക്കുന്ന ടീമായ ടോട്ടൻഹാം ആണ് യുണൈറ്റഡിനെ തുരത്തിയോടിച്ചത്. രണ്ടാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിയിലൂടെ യുണൈറ്റഡ് ലീഡെടുത്തെങ്കിലും പിന്നീട് ടോട്ടനം മിന്നിച്ചു കളിക്കുകയായിരുന്നു. സൺ ഹ്യൂങ് മിന്നും ഹാരി കെയ്‌നും ഇരട്ടഗോൾ കണ്ടെത്തിയപ്പോൾ ടാങ്കയ് എൻഡോൻബെലെ, സെർജി ഓരിയർ എന്നിവർ ഓരോ ഗോൾ വീതം നേടി. 28ാം മിനിറ്റിൽ അന്തോണി മാർഷ്യൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതും മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി.

ഇപിഎല്ലിലെ മറ്റു മത്സരങ്ങളിൽ ആഴ്‌സണൽ ഷെഫീൽഡ് യുണൈറ്റഡിനേയും വോൾവ്‌സ് ഫുൾഹാമിനേയും തോൽപ്പിച്ചു. ലെസ്റ്റർ സിറ്റിക്കെതിരെ വെസ്റ്റ്ഹാം 3-0 ത്തിന് വിജയിച്ചപ്പോൾ വെസ്റ്റ് ബ്രോമിനെ സതാംപ്റ്റണും പരാജയപ്പെടുത്തി.

Exit mobile version